തെലുങ്ക് ചിത്രമായ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. ജനുവരി 28 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.
തെന്നിന്ത്യയിലെ മികച്ച അഭിനേത്രികളിൽ ഒരാളാണ് കീർത്തി സുരേഷ്(Keerthy Suresh). സിനിമയിൽ എത്തി ചുരുങ്ങിയ കാലമെ ആയിട്ടുള്ളൂവെങ്കിലും മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മരക്കാർ അറബികടലിന്റെ സിംഹം, അണ്ണാത്തെ എന്നീ ചിത്രങ്ങളാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ അണ്ണാത്തെക്കായി കീർത്തി വേണ്ടെന്ന് വച്ച സിനിമകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം 'പൊന്നിയിൻ സെൽവനി'ൽ ശ്രദ്ധേയമായൊരു കഥാപാത്രത്തിനായി കീർത്തിയെ പരിഗണിച്ചിരുന്നു. എന്നാൽ അണ്ണാത്തെയുമായി ഡേറ്റ് ക്ലാഷ് ഉണ്ടാകുമെന്നതിനാൽ നടി ഈ അവസരം നിഷേധിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
നാനി നായകനായ തെലുങ്ക് ചിത്രം 'ശ്യാം സിംഘ റോയി'ലെ കഥാപാത്രത്തെയും അണ്ണാത്തെയ്ക്കായി കീർത്തി ഉപേക്ഷിച്ചു. ഈ വേഷം പിന്നീട് സായി പല്ലവിയാണ് അവതരിപ്പിച്ചത്. ഈ ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തില്‍ സായ് പല്ലവി അവതരിപ്പിച്ച നവരാത്രി പൂജ നൃത്തം ഗംഭീരമായി എന്നാണ് പലരും പ്രശംസിച്ചത്.
അതേസമയം, തെലുങ്ക് ചിത്രമായ ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം. ജനുവരി 28 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിയിരുന്നു. നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്ണ, രമ പ്രഭ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'വാശി' ഉൾപ്പടെ നിരവധി സിനിമകൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
