Asianet News MalayalamAsianet News Malayalam

Actress assault case : നടിയെ ആക്രമിച്ച സംഭവം: കേസില്‍ തൃപ്‍തികരമായ വിചാരണ ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ കേസില്‍ തൃപ്‍തികരമായ വിചാരണ ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ഡബ്ല്യുസിസി. 

Kerala Actress assault case WCC demands fair trail
Author
Kochi, First Published Jan 4, 2022, 1:25 PM IST

നടി  ആക്രമിക്കപ്പെട്ട കേസില്‍ (Actress attacked)സമഗ്രമായ അന്വേഷണവും തൃപ്‍തികരമായ വിചാരണയും ഉറപ്പാക്കണമെന്ന് സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസി (WCC). അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രിയോട്ഡബ്ല്യുസിസിആവശ്യപ്പെട്ടു. 'അവള്‍ക്കൊപ്പം' എന്ന ടാഗും  ചേര്‍ത്താണ് ഡബ്ല്യുസിസിമുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്‍ചയാണ്. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്‍തികരമായ വിചാരണയും ഉറപ്പാക്കുമെന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവണ്‍മെന്റിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി അറിയിക്കുന്നു. ഔദ്യോഗിക ഫേസ്‍ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഡബ്ല്യുസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട കേസിൽ നടി ആശങ്ക രേഖപ്പെടുത്തിയിരുന്നു.  തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം. രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ അസാധാരണ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ  അഡ്വക്കറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചതോടെയാണ് പ്രതിസന്ധി. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് നേരത്തെയുണ്ടായിരുന്ന പ്രോസിക്യൂട്ടറും രാജി വെച്ചത്. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സാക്ഷിയെ വിസ്‍തരിക്കാൻ അനുവദിക്കുന്നില്ലെന്നും കോടതി പ്രതികൂലമായി നിലപാടെടുക്കുന്നുവെന്നും ഗുരുതരമായ ആരോപണങ്ങളാണ് പ്രോസിക്യൂട്ടർ ആരോപിച്ചത്.  ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് പ്രോസിക്യൂട്ടർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയ സാഹചര്യവുമുണ്ടായിരുന്നു. 

കേസിൽ നടൻ ദിലീപിന് എതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍  തുടരന്വേഷണം ആവശ്യപ്പെട്ടിട്ടുമുണ്ട്. ദിലീപിന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ മുഖ്യപ്രതി സുനിൽ കുമാർ ദിലീപിന് കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു.  തുടര്‍ അന്വേഷണം നടത്തുന്നതിനാല്‍ കേസിിന്റെ അന്തിമ കുറ്റപത്രം നല്‍കുന്നതുവരെ വിചാരണ നിര്‍ത്തിവയ്‍ക്കണമെന്ന ഹര്‍ജി പൊലീസും കോടതിയില്‍ നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios