തിരുവനന്തപുരത്ത് സിനിമ കോൺക്ലേവിൽ അവതരിപ്പിക്കുന്ന കരട് സിനിമ നയരേഖയിൽ നിരവധി നിർദേശങ്ങൾ

തിരുവനന്തപുരം: മലയാള സിനിമയിൽ ഏറെക്കാലമായി നിലനിൽക്കുന്ന പലവിധത്തിലുള്ള പരാതികളും ആരോപണങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന സിനിമ നയ രേഖയിലുള്ളത് നിരവധി നിർദേശങ്ങൾ. തിരുവനന്തപുരത്ത് സിനിമ കോൺക്ലേവിലാണ് നയരേഖ അവതരിപ്പിക്കുന്നത്. വിവിധ സംഘടനകളുമായി നയരൂപീകരണ സമിതി നടത്തിയ ചർച്ചകളിൽ നിന്നാണ് കരട് നയരേഖയ്ക്ക് രൂപം നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

സിനിമാ മേഖലയിൽ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിന് കൗൺസലിംഗും റീഹാബിലിറ്റേഷനും നയരേഖയിൽ നിർദേശിക്കുന്നുണ്ട്. ദിവസ വേതനക്കാരെ ചൂഷണം ചെയ്യുന്നത് തടയാൻ കമ്മീഷൻ ഏജന്റുമാരെ നിയമിക്കണമെന്നാണ് മറ്റൊരു നിർദേശം. വിവേചനം, ലൈംഗികാതിക്രമം, അധികാര കേന്ദ്രീകരണം എന്നിവ നിരോധിക്കണമെന്നും അധികാര ശ്രേണികൾ ഇല്ലാതാക്കണമെന്നും നയരേഖ പറയുന്നു.

അധികാര രൂപങ്ങളുടെ അമിത നിയന്ത്രണം ഒഴിവാക്കണമെന്നാണ് ഒരു നിർദേശം. സിനിമാ മേഖലയിലെ എല്ലാ സംഘടനകൾക്കും ഏകീകൃതമായ പെരുമാറ്റ ചട്ടം കൊണ്ടുവരണം. പ്രൊഡക്ഷൻ കേന്ദ്രങ്ങളിൽ സുരക്ഷ, തുല്യത ഉദ്യോഗസ്ഥർ വേണം. ലിംഗാടിസ്ഥാനത്തിൽ ശുചിമുറികൾ വേണം. വിശ്രമ മുറികൾ ഉറപ്പാക്കണം. പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പങ്കാളിത്തം വർദ്ധിപ്പിക്കണം. സിനിമ സെറ്റുകളിൽ പോഷ് നിയമം ശരിയായി നടപ്പാക്കണം. ആഭ്യന്തര പരാതി പരിഹാര സംവിധാനം കാര്യക്ഷമമാക്കണം.

ലൈംഗികാതിക്രമം തടയാനുള്ള പോഷ് നിയമം നടപ്പാക്കാത്ത നിർമാണ കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്നാണ് മറ്റൊരു ആവശ്യം. കാസ്റ്റിംഗ് കൗച്ച് ഇല്ലാതാക്കണം . പുതുമുഖങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. കുറ്റക്കാരെ പുറത്താക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യണം. പ്രൊഫഷണൽ കാസ്റ്റിംഗ് ഡയറക്ടർമാർ വേണം. സ്റ്റുഡിയോയിലും ഓഡിഷനിലും കാസ്റ്റിംഗ് ഡയറക്ടർമാർ വേണം. ഓഡിഷനിങ്ങിൽ സിനിമയുടെ ഭാഗമല്ലാത്ത രണ്ട് വ്യക്തികളുടെ സാന്നിധ്യം വേണം. കാസ്റ്റിംഗ് കൗച്ച് പരാതികൾ പറയാൻ രഹസ്യ സംവിധാനം രൂപീകരിക്കണമെന്നും കരട് രേഖയിൽ ആവശ്യപ്പെടുന്നു.

പുതുമുഖങ്ങൾക്ക് അവസരം ഒരുക്കാൻ മെന്റർഷിപ്പ് പ്രോഗ്രാമുകൾ വേണമെന്നാണ് മറ്റൊരു ആവശ്യം. സിനിമ മേഖലയിലെ പ്രശ്നങ്ങൾ തുറന്ന് പറയുന്നവരെ സംരക്ഷിക്കണം. അവർ ഒറ്റപ്പെടാൻ അനുവദിക്കരുത്. പ്രതികാര നടപടികൾ നേരിടാൻ നിയമ സഹായം ഉറപ്പാക്കണം. ഓൺലൈൻ ആക്രമണങ്ങൾ തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. പ്രതിക്കരിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യരുത്. സിനിമ മേഖലയുടെ മുന്നേറ്റത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും നിയമ സാധുതയ്ക്കും ലിംഗ അസമത്വം പരിഹരിക്കണം. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന പ്രവണത പ്രോത്സാഹിപ്പിക്കണം. ഇതിന് വേണ്ടിയാണ് സിനിമ നയമെന്ന് കരടിൽ വിശദീകരിക്കുന്നുണ്ട്.

YouTube video player