ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ സിനിമാ മേഖലയ്ക്ക് ഇളവ് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബർ. ഷൂട്ടിംഗ് കഴിഞ്ഞ സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ അനുമതി വേണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. എഡിറ്റിംഗ്, ഡബ്ബിംഗ് എന്നിവയ്ക്ക് അഞ്ചില്‍ കുറഞ്ഞ ആളുകളേ ജോലിക്ക് ഉണ്ടാകൂ എന്നും കത്തില്‍ അറിയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിന് മുന്‍പുതന്നെ മലയാളമുള്‍പ്പെടെ ഇന്ത്യയിലെ വ്യത്യസ്ത സിനിമാമേഖലകളെല്ലാം തന്നെ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. ഇതിനൊപ്പം ടെലിവിഷന്‍ ഷോകളുടെ ചിത്രീകരണവും നിര്‍ത്തി.  തീയേറ്ററുകളും അടച്ചിട്ടതോടെ രാജ്യത്തെ സിനിമാവ്യവസായം സ്തംഭനാവസ്ഥയിലാണ്. പ്രധാന റിലീസിംഗ് സീസണുകളില്‍ ഒന്നായ വിഷുവിന് സിനിമകള്‍ എത്തിക്കാനാവാത്ത സാഹചര്യം വന്നതോടെ മലയാളസിനിമയ്ക്ക് കോടികളുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിയ മലയാളസിനിമകളില്‍ ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍: അറബിക്കടലിന്‍റെ സിംഹവും ഉള്‍പ്പെടും. മാര്‍ച്ച് 26നായിരുന്നു ചിത്രം തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസിന്‍റെ പദ്ധതി. 

പ്രധാന അന്യഭാഷാ റിലീസുകള്‍ ഉള്‍പ്പെടെ വൈകുന്നതിനനുസരിച്ച് തീയേറ്ററുകള്‍ തുറന്നാലും സിനിമാ വ്യവസായം സാധാരണ നിലയിലെത്താന്‍‌ മാസങ്ങള്‍ എടുക്കും.