തിയേറ്ററിൽ നേരിട്ടെത്തി മൂന്നിൽ കൂടുതൽ ടിക്കറ്റ് എടുത്താൽ 50 ശതമാനം നിരക്ക് മാത്രം, ഇളവ് പ്രഖ്യാപിച്ച് നിർമാതാവ് സിയാദ് കോക്കർ

കൊച്ചി: സിനിമ തിയേറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്കുമായി പുതിയ ചിത്രം കുറി. ചിത്രത്തിന്റെ ടിക്കറ്റ് നിരക്കിൽ നിർമാതാവ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ നേരിട്ടെത്തി മൂന്നിൽ കൂടുതൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഇളവ്. തിയേറ്ററുകളിലേക്ക് കാണികളെ മടക്കിക്കൊണ്ട് വരാനാണ് നടപടിയെന്ന് നിർമാതാവ് സിയാദ് കോക്കർ അറിയിച്ചു.

സംസ്ഥാനത്തെ തിയേറ്ററുകളിൽ ഒടുക്കം ഫ്ലക്സി ടിക്കറ്റ് നിരക്ക് യാഥാർത്ഥ്യമാകുന്നു. 'കുറി' സിനിമ കാണാൻ നാല് പേർ ചേർന്നാണ് തിയേറ്ററുകളിലേക്ക് പോകുന്നതെങ്കിൽ രണ്ട് പേരുടെ പണം നൽകിയാൽ മതിയാകും. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിൽ റിലീസിന്‍റെ ആദ്യ ആഴ്ചയിലാണ് 50 % ഇളവ് ലഭിക്കുക.

കൊവിഡിന് ശേഷം തിയേറ്ററുകളിലേക്ക് കാണികൾ എത്തുന്നതിൽ കാര്യമായ കുറവുണ്ട്. ഇത് മറികടക്കാൻ ആഴ്ചയിലെ മൂന്ന് ദിവസങ്ങളിൽ തിയേറ്ററുകളിൽ ഫ്ലക്സി ടിക്കറ്റ് നിരക്ക് നടപ്പാക്കണമെന്ന് ഫിലിം ചേമ്പർ യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. പക്ഷേ സമവായത്തിലെത്താനായില്ല. ഇതിന് പിന്നാലെയാണ് മുതിർന്ന നിർമാതാവ് സിയാദ് കോക്കർ സ്വന്തം ചിത്രത്തിന് ഇളവ് പ്രഖ്യാപിച്ചത്.

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, സുരഭി ലക്ഷ്മി, അതിഥി രവി തുടങ്ങിയവ‍ർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'കുറി'. രചന, സംവിധാനം കെ.ആർ പ്രവീൺ. കുറി വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും.