Asianet News MalayalamAsianet News Malayalam

ചലച്ചിത്ര മേളയിൽ ആനന്ദ് പട്‍വർദ്ധന്‍റെ 'റീസണിന്' പ്രദർശനാനുമതി നൽകി ഹൈക്കോടതി

ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും സെൻസർ ബോർഡിന്റെ അനുമതി ഇല്ലാതെ മറ്റൊരിടത്തും ചിത്രത്തിന്റെ പ്രദർശനം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു.

kerala high court says screening anand patwardhan documentary
Author
Ernakulam, First Published Jun 25, 2019, 4:10 PM IST

എറണാകുളം: പ്രമുഖ ഡോക്യുമെന്‍ററി സംവിധായകൻ ആനന്ദ് പട്‌വർധന്റെ 'വിവേക്' (റീസൺ) എന്ന ഡോക്യുമെന്‍ററി അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര, ഡോക്യുമെന്‍ററി മേളയിൽ പ്രദർശിപ്പിക്കാമെന്ന് കേരള ഹൈക്കോടതി. എന്നാൽ പ്രദർശനം നിബന്ധനകൾക്ക് വിധേയമായിരിക്കും. കേന്ദ്ര സർക്കാർ ചിത്രത്തിന് സെൻസർ ഇളവ് നൽകാത്തതിനെതിരെ കേരള ചലച്ചിത്ര അക്കാദമിയും ആനന്ദ് പട്‌വർധനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.

ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും സെൻസർ ബോർഡിന്‍റെ അനുമതി ഇല്ലാതെ മറ്റൊരിടത്തും ചിത്രത്തിന്‍റെ പ്രദർശനം പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വാർത്താ വിതരണ മന്ത്രാലയം നിഷ്കർഷിക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

ഡോക്യുമെന്‍ററിയ്ക്ക് പ്രദർശനാനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ആനന്ദ് പട്‍വർദ്ധൻ പറഞ്ഞു. 'റീസൺ' മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും ഡോക്യൂമെന്‍ററി വിലക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നതായും ആനന്ദ് പട്‌വർധൻ മാധ്യമങ്ങളോട് പറഞ്ഞു. ഡോക്യുമെന്‍ററി നാളെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമിയും വ്യക്തമാക്കി.

സംഘപരിവാറിനെ വിമർശിക്കുന്ന  ഡോക്യുമെന്‍ററിക്ക് കേരള അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ പ്രദർശനാനുമതി നൽകിയിരുന്നില്ല. തിങ്കളാഴ്ചയാണ് ചിത്രം പ്രദർശിപ്പിക്കേണ്ടിയിരുന്നത്. സെന്‍സര്‍ ഇളവ് നല്‍കാന്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം തയ്യാറാവാത്തതിനാൽ പ്രദർശനാനുമതിയും കിട്ടിയിരുന്നില്ല. 

ഒന്നാം മോദി സർക്കാരിന്‍റെ കാലത്ത്, സിപിഐ നേതാവായിരുന്ന ഗോവിന്ദ് പൻസാരെ, യുക്തിവാദി നേതാവായിരുന്ന നരേന്ദ്ര ധബോൽക്കർ, മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് എന്നിവരെ തീവ്ര ഹിന്ദുസംഘടനകൾ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു 'വിവേക്' എന്ന ഡോക്യുമെന്‍ററി. ഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പക്ഷേ, കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് സെന്‍സര്‍ ഇളവ് തേടിയാല്‍ മാത്രമേ പ്രദര്‍ശനം സാധ്യമാകുകയുള്ളു.

ഇത് രണ്ടാം തവണയാണ് ഐഡിഎഫ്എഫ്കെയിൽ ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതിയെച്ചൊല്ലി വിവാദമുയരുന്നതും കോടതി കയറുന്നതും. 2017-ല്‍ പി എം രാമചന്ദ്ര സംവിധാനം ചെയ്ത ദി അൺബെയറബിൾ ബീയിങ് ഓഫ് ലൈറ്റ്നസ് (The Unbearable Being of Lightness), എൻ സി ഫാസിൽ, ഷോൺ സെബാസ്റ്റ്യൻ എന്നിവർ സംവിധാനം ചെയ്ത ഇൻ ദി ഷെയ്ഡ് ഓഫ് ഫാളൻ ചിനാർ (In the Shade of Fallen Chinar), കാത്തു ലൂക്കോസിന്റെ മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്‍ററികൾക്ക് പ്രദര്‍ശനാനുമതി നല്‍കാന്‍ കേന്ദ്രം വിസമ്മതിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios