Asianet News MalayalamAsianet News Malayalam

തിയേറ്ററുകൾ അടഞ്ഞു തന്നെ; മലയാളം സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാൻ ആലോചന

ഏകദേശം 600 കോടി രൂപയുടെ നഷ്ടം ലോക്ക് ഡൗൺ മൂലം സിനിമാ വ്യവസായത്തിന് സംഭവിച്ചെന്നാണ് പ്രാഥമിക കണക്ക്

Kerala Movie industry plans Online release as theatres remains closed
Author
Kochi, First Published May 1, 2020, 11:26 AM IST

കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ, ഓണ്‍ലൈന്‍ റിലീസിന്‍റെ സാധ്യതകൾ തേടി മലയാള സിനിമാ നിര്‍മാതാക്കള്‍. വിഷു, റംസാന്‍ സീസണിൽ റിലീസിനായി ഒരുക്കിയ നിരവധി സിനിമകള്‍ പെട്ടിയിലായതോടെയാണ് ഈ നീക്കം.

ഏകദേശം 600 കോടി രൂപയുടെ നഷ്ടം ലോക്ക് ഡൗൺ മൂലം സിനിമാ വ്യവസായത്തിന് സംഭവിച്ചെന്നാണ് പ്രാഥമിക കണക്ക്. ജ്യോതിക നായികയായ പൊന്‍മകൾ വന്താൽ എന്ന തമിഴ് സിനിമയുടെ ഓണ്‍ലൈന്‍ റിലീസാണ് ഈ തലത്തിലേക്ക് മാറി ചിന്തിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്. പൊൻമകൾ വന്താൽ സിനിമ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഈ സാധ്യത മലയാളത്തിലും സ്വീകരിക്കാനാണ് നീക്കം.

മോഹന്‍ലാലിന്‍റെ കുഞ്ഞാലിമരിക്കാര്‍ , മമ്മൂട്ടിയുടെ വണ്‍, ടൊവിനോയുടെ കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് , ആസിഫിന്‍റെ കുഞ്ഞെല്‍ദോ തുടങ്ങിയ വിഷു സിനിമകൾ റിലീസ് തടസപ്പെട്ടിരിക്കുകയാണ്. റംസാൻ റിലീസും അനിശിചിതത്വത്തിലായി. ഏകദേശം 600 കോടി രൂപയുടെ നഷ്ടമാണ് മലയാളത്തിൽ മാത്രം സിനിമാ മേഖലയിൽ ഉണ്ടായിരിക്കുന്നത്. 

വായ്പയെടുത്ത് സിനിമ നിർമ്മിച്ചവർക്ക് വന്‍ പലിശ ബാധ്യതയും വരുന്നു. ഈ സാഹചര്യത്തില്‍ നെറ്റ്ഫ്ളിക്സ് , ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ കമ്പനികളുമായി ചില നിര്‍മാതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകളും തുടങ്ങി. എന്നാൽ ഇവരുടെ ഭാഗത്ത് നിന്ന് നിർമ്മാതാക്കൾക്ക് ലഭിച്ച പ്രതികരണം ആശാവഹമല്ല. തമിഴ് ,തെലുങ്ക് ,ഹിന്ദി സിനിമകളെ അപേക്ഷിച്ച് മലയാള സിനിമക്ക് വലിയ വിപണന സാധ്യതകളില്ല എന്നതാണ് പ്രധാന പ്രശ്നം. അതുകൊണ്ട് വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നത്.  ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷന്‍ പ്രസിഡന്‍റ് എം രഞ്ജിത് പറഞ്ഞു. ഓൺലൈൻ റിലീസിനെ തീയേറ്റര്‍ ഉടമകൾ ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രതിസന്ധി നീണ്ടുപോയാല്‍ പുതിയ വഴികൾ തേടുകയല്ലാതെ നിർമ്മാതാക്കളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം.

Follow Us:
Download App:
  • android
  • ios