Asianet News MalayalamAsianet News Malayalam

സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്; പ്രവേശനം ജേതാക്കള്‍ക്കും ക്ഷണിതാക്കള്‍ക്കും മാത്രം

ഒക്ടോബര്‍ 13നായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം

kerala state film awards ceremony today
Author
Thiruvananthapuram, First Published Jan 29, 2021, 12:02 AM IST

തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെയും ജെസി ഡാനിയേല്‍ പുരസ്കാരത്തിന്‍റെയും സമര്‍പ്പണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും നടത്തുക. അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും. 

മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, അഡ്വ. വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂർ, സുരേഷ് ഗോപി, വി എസ് ശിവകുമാർ എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ്, കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ,  കെടിഡിസി ചെയർമാൻ എം വിജയകുമാർ, സാംസ്‌കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ചെയർമാൻ പി ശ്രീകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സർക്കാരിന്‍റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ സി ഡാനിയേൽ അവാർഡ് നൽകി സംവിധായകൻ ഹരിഹരനെ ചടങ്ങിൽ ആദരിക്കും.

ഒക്ടോബര്‍ 13നായിരുന്നു 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം. 

Follow Us:
Download App:
  • android
  • ios