ടീമിന് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്ന് കോച്ച് മനോജ് ചന്ദ്രന്‍റെ വിലയിരുത്തല്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണ്‍ മലയാളി സിനിമാതാരങ്ങളുടെ ടീം ആയ കേരള സ്ട്രൈക്കേഴ്സിനെ സംബന്ധിച്ച് ഇതുവരെ അത്ര നല്ല അനുഭവമല്ല. ആദ്യ രണ്ട് മത്സരങ്ങളും തോറ്റു. ആദ്യം തെലുങ്ക് വാരിയേഴ്സിനോടും രണ്ടാമത് കര്‍ണാടക ബുള്‍ഡോസേഴ്സിനോടും. എന്നാല്‍ ഇന്ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ കേരളത്തിന് ജയിച്ചേ തീരൂ. ടൂര്‍ണമെന്‍റില്‍ ഒരു വിജയം അനിവാര്യമാണ് എന്നതിലുപരി ടീമിന്‍റെ ഹോം ഗ്രൌണ്ട് ആയ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഒരേയൊരു മത്സരമാണ് ഇത് എന്നതും പ്രത്യേകതയാണ്. ഹോം ഗ്രൌണ്ടിലെ മത്സരം വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്ന് ടീമിന്‍റെ ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍ മത്സരത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചിരുന്നു.

ഹോം ഗ്രൌണ്ടില്‍ കളിക്കുന്നത് ഇരട്ടി ഉത്തരവാദിത്തമാണ്. വിജയിക്കുക എന്നതും പോയിന്‍റ് ടേബിളില്‍ ഒരു പോയിന്‍റ് ലഭിക്കുക എന്നതും. നാട്ടുകാരുടെ മുന്നില്‍ വച്ച് കളിക്കുമ്പോള്‍ അവരുടെ ആവേശം കെടുത്താത്ത രീതിയില്‍ ഒരു വിജയം കൈപ്പിടിയില്‍ ആക്കുക എന്നത് ഒരു വലിയ ഉത്തരവാദിത്തം തന്നെയാണ്. എ കാറ്റ​ഗറി പ്ലേയേഴ്സില്‍ പലരും സിനിമകളുടെ തിരക്കുകളിലും പല സ്ഥലങ്ങളിലുമാണ്. അവരെ മത്സരദിവസം മാത്രം കൊണ്ടുവന്നിട്ട് കാര്യമില്ല. ട്രെയിനിംഗ് കൊടുക്കണം. ആ രീതിയില്‍ പ്രായോഗികമായ കുറച്ച് ബുദ്ധിമുട്ടുകള്‍ നമുക്കുണ്ട്. എന്നാലും നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ മികച്ച ടീമിനെയാണ് നമ്മള്‍ ഇറക്കുന്നത്, ചാക്കോച്ചന്‍ പറഞ്ഞിരുന്നു. 

ടീമിന് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നാണ് കോച്ച് മനോജ് ചന്ദ്രന്‍റെ വിലയിരുത്തല്‍. ടീം ഒന്നുകൂടി സെറ്റ് ആയിട്ടുണ്ട്. മുന്‍പ് ലഭ്യമല്ലാതിരുന്ന കുറച്ച് കളിക്കാര്‍ പുതുതായി എത്തിയിട്ടുണ്ട്. അതെന്തായാലും അനുകൂലമായ ഒരു മത്സരഫലമായി വരുമെന്നാണ് പ്രതീക്ഷ, മനോജ് ചന്ദ്രന്‍ പറഞ്ഞിരുന്നു. ബോളിവുഡ് താരങ്ങളുടെ ക്ലബ്ബ് ആയ മുംബൈ ഹീറോസ് ആണ് ഇന്ന് കേരളത്തിന്‍റെ എതിരാളികള്‍. രാത്രി 7 മണിക്കാണ് മത്സരം.

ALSO READ : 'ഫ്ലാറ്റിനകം മുഴുവന്‍ പുകമണമാണ്; ബ്രഹ്‍മപുരം പ്ലാന്‍റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സജിത മഠത്തില്‍

തോല്‍വികള്‍,ട്രോളുകള്‍,ഷൂട്ടിംഗ് തിരക്ക്; സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ പറയുന്നു|Kerala strikers