തീരുമാനം അറിയിച്ച് സൈജു കുറുപ്പ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് പുതിയ സീസണില്‍ തങ്ങളുടെ ഏറ്റവും അവസാന മത്സരത്തില്‍ ഭോജ്പുരി ദബാംഗ്സിന് എതിരെ ടോസ് നേടി കേരള സ്ട്രൈക്കേഴ്സ്. സൈജു കുറുപ്പ് ആണ് അവസാന മത്സരത്തില്‍ കേരളത്തിന്‍റെ ക്യാപ്റ്റനായി കളത്തില്‍ ഇറങ്ങുന്നത്. ടോസ് നേടിയ സൈജു ഫീല്‍ഡിംഗ് ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജോധ്പൂരില്‍ വച്ചാണ് ഇന്നത്തെ മത്സരം.

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഒരു ടീമും കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട മറ്റൊരു ടീമും തമ്മിലുള്ള മത്സരമാണ് ഇത്. ഭോജ്പുരി സിനിമാ താരങ്ങളുടെ ടീം ആയ ഭോജ്പുരി ദബാംഗ്സ് കളിച്ച കളികളെല്ലാം ജയിച്ചപ്പോള്‍ കേരള സ്ട്രൈക്കേഴ്സ് ആദ്യ മൂന്ന് കളികളിലും പരാജയപ്പെട്ടു. പഞ്ചാബ് ദെ ഷേര്‍, ചെന്നൈ റൈനോസ്, ബംഗാള്‍ ടൈഗേഴ്സ് എന്നീ ടീമുകളെയാണ് ഭോജ്പുരി ടീം ഇത്തവണത്തെ സിസിഎല്ലില്‍ ഇതുവരെ പരാജയപ്പെടുത്തിയത്. 

അതേസമയം തെലുങ്ക് വാരിയേഴ്സ്, കര്‍ണാടക ബുള്‍ഡോസേഴ്സ്, മുംബൈ ഹീറോസ് എന്നീ ടീമുകളില്‍ നിന്നാണ് കേരള സ്ട്രൈക്കേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. ഫെബ്രുവരി 19 ന് തെലുങ്ക് വാരിയേഴ്സുമായി കളിച്ചുകൊണ്ടായിരുന്നു കേരളം സീസണ്‍ ആരംഭിച്ചത്. തെലുങ്ക് നായകന്‍ അഖില്‍ അക്കിനേനി തകര്‍ത്തടിച്ച മത്സരത്തില്‍ 64 റണ്‍സിനാണ് കേരളം പരാജയപ്പെട്ടത്. കര്‍ണാടക ബുള്ഡോസേഴ്സുമായിട്ടായിരുന്നു രണ്ടാം മത്സരം. എട്ട് വിക്കറ്റിനാണ് സ്ട്രൈക്കേഴ്സ് ഈ മത്സരം തോറ്റത്. ആദ്യ സ്പെല്ലില്‍ കേരള സ്‍ട്രൈക്കേഴ്‍സ് അഞ്ച് വിക്കറ്റ് നഷ്‍ടത്തില്‍ 101 റണ്‍സ് എടുത്തിരുന്നു. ഇതിന് മറുപടിയായി ബാറ്റ് ചെയ്ത കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. തുടര്‍ന്ന് വീണ്ടും പത്തോവര്‍ ബാറ്റിംഗിന് ഇറങ്ങിയ കേരളം 5 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സ് നേടി. ഇതോടെ 83 റണ്‍സ് വിജയലക്ഷ്യവുമായി എത്തിയ കര്‍ണാടക ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി.

എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും കാണാത്ത വീറോടും വാശിയോടും കളത്തിലിറങ്ങിയ കേരളത്തെയാണ് മുംബൈ ഹീറോസുമായുള്ള മൂന്നാം മത്സരത്തില്‍ കാണികള്‍ കണ്ടത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ സീസണില്‍ നടന്ന കേരളത്തിന്‍റെ ഒരേയൊരു കളിയും ഇതായിരുന്നു. രാജീവ് പിള്ള വിട്ടുനിന്ന കളിയില്‍ 24 ബോളില്‍ 63 അടിച്ച വിവേക് ഗോപന്‍ ആയിരുന്നു താരം. വിജയം കൈയെത്തിപ്പിടിക്കുമെന്ന് തോന്നിപ്പിച്ച കേരളത്തിന് അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്നു. എന്നാല്‍ അത് എടുക്കാന്‍ സാധിക്കാതെപോയി. സീസണില്‍ എല്ലാ മത്സരങ്ങളിലും പരാജയപ്പെടുക എന്ന നാണക്കേട് ഒഴിവാക്കാന്‍ കേരളത്തിന് ഇന്നത്തെ മത്സരം വിജയിക്കുക അനിവാര്യമാണ്. 

ALSO READ : ഈ അക്ഷരങ്ങളിലുള്ളത് ബിഗ് ബോസ് മത്സരാര്‍ഥികളുടെ പേരുകള്‍? ശാലിനി നായര്‍ പറയുന്നു

CCL 2023 LIVE - Kerala Strikers vs Bhojpuri Dabanggs | Match 13, March 11th 2:30PM #HappyHappyCCL