യാഷിനെയും മോഹൻലാലിനെയും കടത്തിവെട്ടാൻ വിജയ്; കേരളത്തിലെ മികച്ച ഓപ്പണിങ്ങുകൾ
കിംഗ് ഓഫ് കൊത്തയുടെ പ്രീ- സെയില്‍ കളക്ഷന്‍ ലിയോ ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.

സിനിമാസ്വാദകർക്ക് ഇടയിൽ ഇപ്പോൾ വിജയ് ചിത്രം ലിയോയെ കുറിച്ചുള്ള ചർച്ചകളാണ്. കൈതി, വിക്രം പോലുള്ള സിനിമകൾ ഒരുക്കി പ്രേക്ഷകനെ അമ്പരപ്പിച്ച ലോകേഷ് കനകരാജ്, ലിയോയിൽ എന്താണ് കരുതി വച്ചിരിക്കുന്നതെന്ന് അറിയാൻ കാത്തിരിക്കുകയാണ് അവർ. ഇന്നാരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് രാജ്യത്തിന് അകത്തും പുറത്തും ലഭിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തിൽ റെക്കോർഡ് പ്രീ-സെയിൽ ആണ് ലിയോ നേടിയിരിക്കുന്നതെന്ന് ട്രാക്കർന്മാർ പറയുന്നു. ഈ അവസരത്തിൽ കേരളത്തിൽ മികച്ച ഓപ്പണിംഗ് ലഭിച്ച അഞ്ച് സിനിമകളുടെ വിവരമാണ് പുറത്തുവരുന്നത്.
ട്രേഡ് അനലിസ്റ്റ് ആയ എ.ബി ജോർജ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ഇതിൽ ഒന്നാമത് ഉള്ളത് യാഷ് നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ആണ്. 7.30 കോടിയാണ് കേരളത്തിൽ നിന്നും ചിത്രം ആദ്യദിനം നേടിയത്. രണ്ടാം സ്ഥാനത്ത് മലയാളത്തിൽ മോഹൻലാൽ നായകനായി എത്തിയ ഒടിയൻ ആണ്. 7.20 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്തും മോഹൻലാൽ ചിത്രം തന്നെ. മരക്കാറാണ് അത്( 6.60കോടി). ബീസ്റ്റ് ( 6.60 കോടി), ലൂസിഫർ(6.30 കോടി), എന്നീ ചിത്രങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്. ആറാം സ്ഥാനത്ത് രജനികാന്ത് ചിത്രം ജയിലര്‍ ആണ്. 5.85 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്.
'കൊത്ത'യെ വീഴ്ത്തി 'ലിയോ'; റെക്കോർഡ് പ്രീ- സെയിൽ, കേരളത്തില്‍ നിന്നും പണംവാരി പോകാൻ വിജയ് !
അതേസമയം, ലിയോയുടെ ആദ്യദിന പ്രീ-സെയിൽ അഞ്ച് കോടി കഴിഞ്ഞു. കേരളത്തിലെ കണക്കാണിത്(ഫാൻസ് ഷോ പോയിട്ടുള്ളവ). റിലീസിന് ഇനി നാല് ദിവസം കൂടി ബാക്കിയുണ്ട്. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ കേരള ഓപ്പണിങ്ങിൽ പുതു ചരിത്രം കുറിക്കാൻ ലിയോ തയ്യാറായി കഴിഞ്ഞു എന്ന് കരുതേണ്ടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയുടെ പ്രീ- സെയില്‍ കളക്ഷന്‍ ലിയോ ഇതിനോടകം തകര്‍ത്തു കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..