എ ആര്‍ മുരുഗദോസിനെപ്പോലെ മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു

കൊവിഡ് കാലത്ത് ഡയറക്റ്റ് ഒടിടി റിലീസുകളിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ ചലച്ചിത്ര വ്യവസായം മലയാളമാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് പുതിയ ധാരാളം പ്രേക്ഷകരെ കണ്ടെത്താന്‍ ഇംഗ്ലീഷ് സബ്‍ടൈറ്റിലുകള്‍ക്കൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയെത്തിയ മലയാളം സിനിമകള്‍ക്കായി. അത്തരത്തില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ അവസാന ചിത്രം റോജിന്‍ തോമസ് സംവിധാനം ചെയ്‍ത '#ഹോം' ആണ്. എ ആര്‍ മുരുഗദോസിനെപ്പോലെ മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം കണ്ട് തന്‍റെ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ബിഗ് ബജറ്റ് കന്നഡ ചിത്രം 'കെജിഎഫ് 2'ന്‍റെ നിര്‍മ്മാതാവ് കാര്‍ത്തിക് ഗൗഡ. 

"എന്തൊരു ഗംഭീര സിനിമയാണ് #ഹോം. ഹൃദയത്തെ തൊടുന്ന ചിത്രം. ഈ ചിത്രം തെരഞ്ഞെടുത്തതിന് പ്രൈം വീഡിയോയ്ക്ക് നന്ദി. വിജയ് ബാബു, നിങ്ങളുടെ കുപ്പായത്തില്‍ ഒരു പതക്കം കൂടിയാവുന്നു ഈ ചിത്രം. ശ്രീനാഥ് ഭാസിയും ഇന്ദ്രന്‍സും എല്ലാവരും നന്നായി. ഈ ചിത്രം റെക്കമന്‍റ് ചെയ്‍ത വിജയ് സുബ്രഹ്മണ്യത്തിന് നന്ദി. മികച്ച വര്‍ക്ക്, റോജിന്‍ തോമസ്", കാര്‍ത്തിക് ഗൗഡ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

സാങ്കേതിക പരിജ്ഞാനം കുറഞ്ഞ 'ഒലിവര്‍ ട്വിസ്റ്റ്' എന്ന കുടുംബനാഥനെയാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രത്തിന്‍റെ സംവിധാനം റോജിന്‍ തോമസ് ആണ്. ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയി ഈ മാസം 19നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. റിലീസ് ആയി ഒന്നരയാഴ്ച ആവുമ്പോഴും സോഷ്യല്‍ മീഡിയയില്‍ ചിത്രം ഉയര്‍ത്തിയ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona