ഒരു പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത് ആദ്യമായാണ്.

'കെജിഎഫ്' സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചു. തെലുങ്കില്‍ ഒരുങ്ങാനിരിക്കുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നായകന്‍. ജൂനിയര്‍ എന്‍ടിആറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം. തെലുങ്ക് യുവതാരത്തിന്‍റെ കരിയറിലെ 31-ാമത്തെ ചിത്രമാണ് ഇത്. ഒരു പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ എത്തുന്നത് ആദ്യമായാണ്.

ആക്ഷന്‍ എന്‍റര്‍ടെയ്‍നര്‍ എന്ന് കരുതപ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും നന്ദാമുരി കല്യാണ്‍ റാമിന്‍റെ എന്‍ടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ്. കൊവിഡ് പ്രതിസന്ധിയില്‍ അയവു വരുന്നതനുസരിച്ച് ചിത്രീകരണം ആരംഭിക്കും. 

Scroll to load tweet…

അതേസമയം പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്ന 'കെജിഎഫ് 2'നു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ പ്രഭാസ് ആണ് നായകന്‍. 'സലാര്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് തന്നെ നിര്‍മ്മിക്കുന്ന ഈ ചിത്രം 2022 ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ആലോചന. 

കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും ജൂനിയര്‍ എന്‍ടിആറിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. 'ജനതാ ഗാരേജി'ന്‍റെ വിജയത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജനതാ ഗാരേജില്‍ മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.