2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് 'കെജിഎഫ് 2'ന്‍റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്
ഒന്നര വര്‍ഷത്തോളമാവുന്ന കൊവിഡ് സാഹചര്യത്തില്‍ റിലീസ് അനിശ്ചിതമായി നീണ്ടുപോയ നിരവധി ബിഗ് ബജറ്റ് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്, പല ഭാഷകളിലായി. മലയാളത്തില്‍ അത് 'മരക്കാര്‍' ആണെങ്കില്‍ കന്നഡ സിനിമയില്‍ അത് 'കെജിഎഫ് ചാപ്റ്റര്‍ 2' ആണ്. കന്നഡ സിനിമയുടെ അതിരുകള്‍ വിടര്‍ത്തിയ 'കെജിഎഫി'ന്‍റെ രണ്ടാംഭാഗത്തിന്‍റെ റിലീസിന് രാജ്യമെമ്പാടുമുള്ള സിനിമാപ്രേമികളുടെ വലിയ കാത്തിരിപ്പുണ്ട്. ജൂലൈ 16 ആയിരുന്നു ചിത്രത്തിന്‍റെ അവസാനം പ്രഖ്യാപിക്കപ്പെട്ട റിലീസ് തീയതി. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും മാറ്റിവെക്കേണ്ടിവന്നു. ഡയറക്റ്റ് ഒടിടി റിലീസിനായി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നും വന്‍ ഓഫറുകള്‍ ലഭിക്കുന്നതായി ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ അതിനോട് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍.
ചിത്രത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കവര്‍ ഫോട്ടോയാണ് അണിയറക്കാര്‍ മാറ്റിയിരിക്കുന്നത്. "തിയറ്റര്‍ ഹാള്‍ ഗ്യാങ്സ്റ്റേഴ്സിനാല്‍ നിറയുമ്പോള്‍ മാത്രമേ മോണ്‍സ്റ്റര്‍ അവിടേക്ക് എത്തൂ!! അദ്ദേഹം കടന്നുവരുന്ന പുതിയ ദിനം വൈകാതെ പ്രഖ്യാപിക്കപ്പെടും" എന്ന് എഴുതിയ പോസ്റ്റര്‍ ആണ് കവര്‍ ഇമേജ് ആക്കിയിരിക്കുന്നത്. ജൂലൈ 16ന് ചിത്രം തിയറ്ററുകളിലെത്തുമോ എന്ന് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച കൊടുമ്പിരിക്കൊണ്ട സമയത്ത് അണിയറക്കാര്‍ പുറത്തിറക്കിയ പോസ്റ്റര്‍ ആയിരുന്നു ഇത്. പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഞ്ജയ് ദത്ത് ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഈ പോസ്റ്റര്‍ പങ്കുവെക്കുകയും ചെയ്‍തിരുന്നതാണ്.
2020 ഒക്ടോബര്‍ 23 എന്നൊരു തീയതിയാണ് 'കെജിഎഫ് 2'ന്‍റെ റിലീസ് തീയതിയായി ഏറ്റവുമാദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. അതിനു കഴിയാതെ വന്നതോടെ ഈ വര്‍ഷം ജനുവരിയില്‍ പുതിയ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം എത്തുമെന്നായിരുന്നു അവസാനത്തെ അറിയിപ്പ്. പുതിയ തീയതി തിയറ്ററുകള്‍ സജീവമാകുന്ന സമയത്തേക്ക് പ്രഖ്യാപിക്കും. ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 90 ശതമാനം ചിത്രീകരണവും കൊവിഡ് കാലത്തിനു മുന്‍പ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 26ന് ആയിരുന്നു. സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ നേരത്തേ പുറത്തുവിട്ടിരുന്നു. എന്നാല്‍ സഞ്ജയ് ദത്ത് കാന്‍സര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയതോടെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ പൂര്‍ത്തിയാക്കാനും കാത്തിരിക്കേണ്ടിവന്നു. അവശേഷിച്ച മൂന്ന് ദിവസത്തെ ചിത്രീകരണം അദ്ദേഹം പിന്നീടെത്തി പൂര്‍ത്തിയാക്കി. കേരളത്തിലും വന്‍ തിയറ്റര്‍ പ്രതികരണം പ്രതീക്ഷിക്കുന്ന 'കെജിഎഫ് 2'ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
