'കെജിഎഫ് 2' എത്തിയിട്ട് 844 ദിനങ്ങൾ; ഒടുവിൽ 'ടോക്സിക്' ചിത്രീകരണം ആരംഭിക്കാൻ യഷ്; ഷൂട്ടിംഗ് തീയതി തീരുമാനിച്ചു
മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം
ബാഹുബലി പ്രഭാസിന് ഉണ്ടാക്കിയതിന് സമാനമായ നേട്ടമാണ് കെജിഎഫ് കന്നഡ താരം യഷിന് ഉണ്ടാക്കിയത്. അതുവരെ ഈ പേര് കേട്ടിട്ടുപോലുമില്ലാതിരുന്ന അനേകലക്ഷം ചലച്ചിത്രപ്രേമികള്‍ക്ക് ഈ നടനെ സുപചിരിതനാക്കി ആ ഫ്രാഞ്ചൈസി. വമ്പന്‍ വിജയം നേടിയ കെജിഎഫ് 2 ന് ശേഷം രണ്ടര വര്‍ഷത്തോളം ആയിരിക്കുന്നു. ഇതിനിടെ യഷിന്‍റേതായി ഒരു ചിത്രം പോലും പുതുതായി പ്രദര്‍ശനത്തിന് എത്തിയില്ല. വരാനിരിക്കുന്ന ഒരു ചിത്രത്തിന്‍റെ ഔദ്യോഗികപ്രഖ്യാപനം എത്തുക മാത്രമാണ് ഇക്കാലത്തിനിടെ നടന്നത്. അതിന്‍റെ ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടുമില്ല. ഇപ്പോഴിതാ ആ സിനിമ ചിത്രീകരണം തുടങ്ങാന്‍ പോകുന്നു.
മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് ആണ് യഷിന്‍റെ അടുത്ത ചിത്രം. 2023 ഡിസംബര്‍ 8 ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. എന്നാല്‍ ചിത്രീകരണം എന്ന് ആരംഭിക്കുമെന്നത് സംബന്ധിച്ച അറിയിപ്പുകളൊന്നും എത്തിയിരുന്നില്ല. യഷ് ആരാധകരെ ഏറെ ആഹ്ലാദിപ്പിക്കുന്ന ഒരു വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സിനിമയുടെ ചിത്രീകരണം വരുന്ന വ്യാഴാഴ്ച (ഓഗസ്റ്റ് 8) ആരംഭിക്കും എന്നതാണ് അത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചിത്രീകരണത്തിന് മുന്നോടിയായി ഭാര്യ രാധികയ്ക്കും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വെങ്കട് കെ നാരാണയ്ക്കുമൊപ്പം യഷ് കര്‍ണാടകത്തിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഇതിന്‍റെ ചില ചിത്രങ്ങള്‍ സഹിതമാണ് തരണ്‍ ആദര്‍ശിന്‍റെ പോസ്റ്റ്. അതേസമയം കെജിഎഫ് താരത്തിന്‍റെ, കെജിഎഫ് 2 ന് ശേഷമുള്ള ചിത്രമെന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുന്ന പ്രോജക്റ്റ് ആണ് ടോക്സിക്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ മലയാളി സിനിമാപ്രേമികള്‍ക്ക് അധിക കൗതുകവുമുണ്ട് ഈ ചിത്രത്തോട്.
ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു