എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ദര്‍ബാറിന് ശേഷം, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജനികാന്ത് നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ ഖുശ്‍ബു ഒരു പ്രധാന കഥാപാത്രമായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഏത് കഥാപാത്രമായിട്ടായിരിക്കും ഖുശ്‍ബു എത്തുക എന്ന് വ്യക്തമായിട്ടില്ല.

സമീപകാലത്ത് അതിഥി വേഷങ്ങളില്‍ മാത്രമാണ് ഖുശ്‍ബു അഭിനയിക്കുന്നത്. സിരുത്തൈ ശിവ- രജനികാന്ത് ചിത്രത്തില്‍ മുഴുനീള വേഷമായിരിക്കും. 90കളില്‍ രജനികാന്തും ഖുശ്‍ബുവും ഒട്ടേരെ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അണ്ണാമലൈ, മന്നൻ, പാണ്ഡ്യൻ, നാട്ടുക്കൊരു നല്ലവൻ, ധര്‍മ്മതിൻ തലൈവൻ തുടങ്ങിയവ രജനികാന്ത്- ഖുശ്‍ബു കൂട്ടുകെട്ടിലെ ഹിറ്റ് ചിത്രങ്ങളാണ്.  അതേസമയം സിരുത്തൈ ശിവ- രജനികാന്ത് ചിത്രം പകര്‍ത്തുന്നത് തമിഴകത്തെ പ്രമുഖ ഛായാഗ്രാഹകൻ വെട്രി പളനിസാമിയെന്ന വെട്രിയാണ്. സിരുത്തൈ ശിവയ്‍ക്കൊപ്പം ഇതിനും മുമ്പ് പ്രവര്‍ത്തിച്ച ഛായാഗ്രാഹകനാണ് വെട്രി. അവയില്‍ മിക്കതും ഹിറ്റുകള്‍. ഇതിനു മുമ്പ് ഏഴ് സിനിമകളാണ് സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ വെട്രി ക്യാമറ ചലിപ്പിച്ചത്. അജിത്ത് നായകനായി സിരുത്തൈ ശിവ സംവിധാനം ചെയ്‍ത വീരം, വേതാളം, വിവേഗം, വിശ്വാസം എന്നീ സിനിമകളുടെയൊക്കെ ഛായാഗ്രാഹകൻ വെട്രിയായിരുന്നു. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. തമിഴകത്തിന്റെ തല, അജിത്തിനെ നായകനാക്കിയായിരുന്നു സിരുത്തൈ ശിവ ഏറ്റവും ഒടുവില്‍ ചിത്രം ഒരുക്കിയത്. വിശ്വാസം എന്ന ചിത്രം വലിയ ഹിറ്റുമായിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലും നഗര പശ്ചാത്തലത്തിലുമായാണ് ചിത്രത്തിന്റെ കഥ പറഞ്ഞത്.  രജനികാന്തിനെ നായകനാക്കിയും സിരുത്തൈ ശിവ ആലോചിക്കുന്നത് ഗ്രാമീണ പശ്ചാത്തലം കൂടി പ്രമേയമാകുന്ന കഥയാണെന്നാണ് റിപ്പോര്‍ട്ട്.