സിനിമ മേഖലയിലെ തുടക്കകാലത്ത് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് നടി ഖുശ്ബു സുന്ദർ തുറന്നുപറഞ്ഞു.
പനാജി: സിനിമ മേഖലയില്‍ ആദ്യകാലത്ത് നേരിട്ട മോശം അനുഭവത്തോട് എങ്ങനെ പ്രതികരിച്ചുവെന്ന് വ്യക്തമാക്കി നടി ഖുശ്ബു സുന്ദര്‍. ഗോവയില്‍ നടക്കുന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ ഒരു സെഷനില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമയിലെ സ്ത്രീ സുരക്ഷ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് തന്‍റെ അനുഭവം നടി വെളിപ്പെടുത്തിയത്.
സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചോദിച്ചപ്പോൾ ഖുശ്ബുവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു “സിനിമയിൽ മാത്രമല്ല എല്ലായിടത്തും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു. ഷെയർ ഓട്ടോയിലോ ലോക്കൽ ട്രെയിനിലോ വിമാനത്തിലോ യാത്ര ചെയ്യുമ്പോൾ സ്ത്രീകള്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു.
അത് സിനിമാ മേഖലയിൽ മാത്രമല്ല എല്ലായിടത്തും ഉണ്ട്. എന്നാൽ ആരെങ്കിലും അവരോട് മോശമായി പെരുമാറുന്നുവെന്ന് തോന്നുമ്പോഴെല്ലാം അതിനോട് പ്രതികരിക്കാന്‍ ഞാൻ സ്ത്രീകളോട് ആവശ്യപ്പെടുന്നു. അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ കരിയറിനെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും ചിന്തിക്കരുത്" ഖുശ്ബു പറഞ്ഞു.
തുടര്‍ന്നാണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്തെ അനുഭവം നടി വെളിപ്പെടുത്തിയത്.
“ഒരിക്കൽ ഒരു നായകൻ എന്നോട് ചോദിച്ചു,ആരും കാണാതെ നീ എനിക്കൊരു അവസരം തരുമോ? ഞാൻ ഉടനെ എന്‍റെ ചെരിപ്പ് ഉയർത്തി പിടിച്ചുകൊണ്ട് പറഞ്ഞു, നിങ്ങള്‍ക്ക് ഇവിടെ അടി വേണോ, അല്ല പരസ്യമായി യൂണിറ്റിന് മുന്നില്‍ അടി വേണോ എന്ന്? ഞാൻ ഒരു പുതുമുഖമാണെന്ന് അപ്പോൾ ഞാൻ ചിന്തിച്ചില്ല, എന്‍റെ കരിയറിന് എന്ത് സംഭവിക്കും? എന്തിനേക്കാളും എന്‍റെ അഭിമാനം എനിക്ക് പ്രധാനമാണെന്ന് എനിക്കറിയാമായിരുന്നു. നിങ്ങൾ സ്വയം ബഹുമാനിക്കണം, അപ്പോൾ മാത്രമേ മറ്റൊരാൾ നിങ്ങളെ ബഹുമാനിക്കുകയുള്ളൂ" ഖുശ്ബു പറഞ്ഞു.
ബിജെപി നേതാവ് കൂടിയായ ഖുശ്ബു നേരത്തെ ദേശീയ വനിത കമ്മീഷന്‍ അംഗമായിരുന്നു. എന്നാല്‍ പിന്നീട് ഈ സ്ഥാനത്ത് നിന്നും നടി രാജിവച്ചിരുന്നു. ഔദ്യോഗികമായ തിരക്കുകളാണ് ഇതിന് കാരണം എന്നാണ് നടി പറഞ്ഞത്. എന്നാല്‍ താന്‍ ബിജെപിയില്‍ തുടരും എന്ന് ഖുശ്ബു വ്യക്തമാക്കിയിരുന്നു.
അഭിഷേക്-ഐശ്വര്യ വേർപിരിയൽ അഭ്യൂഹങ്ങള്‍, 'ഊഹാപോഹങ്ങളെക്കുറിച്ച്' എഴുതി അമിതാഭ് ബച്ചന്‍
കങ്കുവയുടെ വന്‍ പരാജയം സൂര്യയ്ക്ക് കനത്ത തിരിച്ചടി ?; 350 കോടി പ്രൊജക്ട് പെട്ടിയിലായി !
