കൊച്ചി: പ്രിസ്കൂള്‍ കുട്ടികള്‍ക്കായി സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫിന്‍റെ  പുതിയ സംരംഭം. കിന്‍റര്‍ മ്യൂസിക് ലാന്‍റ് എന്ന പേരിലുള്ള സംരംഭത്തിലൂടെ പ്രീസ്‌കൂള്‍ കുട്ടികളുടെ സംഗീത കഴിവുകള്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2019ലെ ലോക സംഗീത ദിനാചരണത്തിന് മുന്നോടിയായി കൊച്ചിയില്‍ കിന്‍റര്‍ മ്യൂസിക് ലാന്‍റിന്‍റെ  'പ്രീലോഞ്ച് വേള്‍ഡ് പ്രസ് പ്രീമിയര്‍' നടത്തി. ഗര്‍ഭം ധരിക്കപ്പെടുന്ന കാലം മുതല്‍ സംഗീതം കുഞ്ഞിനെ ശക്തമായി സ്വാധീനിക്കുന്നുവെന്ന ശാസ്ത്രീയ നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് കിന്‍റര്‍ മ്യൂസിക് ലാന്‍റ്  ആവിഷ്കരിച്ചതെന്ന് അല്‍ഫോന്‍സ് പറയുന്നു. 

മിക്ക സംഗീത വിദ്യാഭ്യാസ പരിപാടികളും കുട്ടികളുടെ പ്രധാന രൂപീകരണ വര്‍ഷങ്ങളെ (നാല് മുതല്‍ എട്ടു വയസു വരെ) കാര്യമായി പരിഗണിക്കാത്ത അവസ്ഥ ഇന്നുണ്ട്. സംഗീതത്തില്‍ അഭിരുചിയുള്ള കുട്ടികളെ ചെറിയ പ്രായത്തിലെ ക്രിയാത്മകമായി വിദ്യാഭ്യാസ സംവിധാനത്തിലേക്ക് എത്തിക്കാനാണു കിന്‍റര്‍ മ്യൂസിക് ലാന്‍റ് ലക്ഷ്യമിടുന്നത്. ഷാര്‍ജയിലെ മെഡി മ്യൂസിക് ടെക്കില്‍ നിന്നുള്ള ഡോ. എം.എഫ്. ഡേവിസിനും ആന്ധ്രാപ്രദേശിലെ നാരായണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാര്‍ക്കുമൊപ്പം, കുട്ടികള്‍ക്ക് അനുയോജ്യമായ മൂന്നു രാഗങ്ങളില്‍ അല്‍ഫോന്‍സ് ജോസഫ് മ്യൂസിക് ട്രാക്കുകള്‍ കംപോസ് ചെയ്തു. 

ഇത് അമ്മമാരിലൂടെ ഗര്‍ഭാവസ്ഥയിലുള്ള 90 ഭ്രൂണങ്ങളെ കേള്‍പ്പിച്ചു. വ്യത്യസ്ഥ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നു ഈ അമ്മമാര്‍. പ്രീനേറ്റല്‍ സോണോഗ്രാഫക് ഉപകരണങ്ങളാണ് ഇതിന് ഉപയോഗിച്ചത്. സംഗീതം ശ്രവിക്കാത്ത ഭ്രൂണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, സംഗീതം ശ്രവിച്ചവയുടെ പ്രതികരണം വളരെ ശ്രദ്ധേയമായാണു രേഖപ്പെടുത്തിയതെന്ന് അല്‍ഫോന്‍സ് ജോസഫ് പറയുന്നു.