ചിത്രത്തിന്‍റെ അയര്‍ലന്‍ഡ് റിലീസിന് മുന്നോടിയായി അവിടെ നടന്ന സെന്‍സറിംഗിന്‍റെ ഭാഗമായുള്ള പ്രദര്‍ശനം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസ് ആയി ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം അഭിലാഷ് ജോഷിയാണ്. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ബിഗ് ബജറ്റിലാണ് പൂര്‍ത്തിയാക്കപ്പെട്ടിരിക്കുന്നത്. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം ഓണം റിലീസുകളില്‍ ഏറ്റവും പ്രതീക്ഷ ഉണര്‍ത്തിയിരിക്കുന്ന ഒന്നുമാണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ റിവ്യൂ പുറത്തെത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസിന്‍റെ ചെയര്‍മാന്‍ റൊണാള്‍ഡ് തൊണ്ടിക്കല്‍ ആണ് ചിത്രത്തിന്‍റെ കാഴ്ചാനുഭവം പങ്കുവച്ച് രംഗത്തെത്തിയത്. ചിത്രത്തിന്‍റെ അയര്‍ലന്‍ഡ് റിലീസിന് മുന്നോടിയായി അവിടെ നടന്ന സെന്‍സറിംഗിന്‍റെ ഭാഗമായാണ് റൊണാള്‍ഡ് ചിത്രം കണ്ടത്. ചിത്രം കണ്ട ശേഷമുള്ള അഭിപ്രായം അദ്ദേഹം വീഡിയോ ആയും ട്വീറ്റ് ആയും പങ്കുവച്ചിട്ടുണ്ട്. "വേറൊന്നും പറയാനില്ല. കിംഗ് ഓഫ് കൊത്ത വന്‍ വിജയമാവും. അപാര മേക്കിംഗ്, അപാര സ്റ്റൈലിഷ് ചിത്രം, ബിജിഎമ്മിനെക്കുറിച്ച് ഒന്നും പറയാനില്ല. എത്രയും പെട്ടെന്ന് എല്ലാവരും ടിക്കറ്റ് എടുത്തോളൂ. ഇത് ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. കേരളത്തിലെ അടുത്ത 300 കോടി കളക്ഷന്‍ വരുന്ന ചിത്രമാണ്", റൊണാള്‍ഡ് പ്രതീക്ഷ പങ്കുവെക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള ഹൈപ്പ് വെറുതെയല്ലെന്നും ആരാധകര്‍ക്കും അല്ലാതെയുള്ള പ്രേക്ഷകര്‍ക്കും ഒരു വിരുന്നായിരിക്കും ചിത്രമെന്നും അദ്ദേഹം അറിയിക്കുന്നു. "ആക്ഷന്‍ രംഗങ്ങള്‍, ക്ലൈമാക്സ്, പാട്ടുകള്‍, എഡിറ്റിംഗ്.. എല്ലാത്തിലുമുപരി ദുല്‍ഖറിന്‍റെയും മറ്റ് അഭിനേതാക്കളുടെയും പ്രകടനങ്ങള്‍, ഗംഭീരം. ഇനി ചിത്രം തിയറ്ററില്‍ മറ്റ് പ്രേക്ഷകരോടൊപ്പം കാണാനുള്ള കാത്തിരിപ്പാണ്", എന്നാണ് ആര്‍എഫ്ടി ഫിലിംസിന്‍റെ ട്വീറ്റ്.

Scroll to load tweet…

ഷബീർ കല്ലറയ്ക്കല്‍, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തില്‍ അണിനിരക്കുന്നു. സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്‍റെ വേഫെറെർ ഫിലിംസും ചേർന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം നിമീഷ് രവി, സംഗീതം ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ.

ALSO READ : 'ഒരിക്കലും നടക്കില്ലെന്ന് കരുതിയ ആ​ഗ്രഹം'; സന്തോഷം പങ്കുവച്ച് അഖില്‍ മാരാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക