ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം

വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിണ്ണനൂരി സംവിധാനം ചെയ്ത കിങ്ഡം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതി മാറ്റിയ ചിത്രമാണ് ഇത്. ഒരു പ്രൊമോ വീഡിയോയോടൊപ്പമാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 31 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും.

വിജയ് ദേവരകൊണ്ടയുടെ കരിയറിലെ 12 -ാം ചിത്രമാണ് ഇത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കിങ്ഡം ഒരുക്കുന്ന ഗൗതം തിണ്ണനൂരി. ചിത്രത്തിന്‍റെ രചനയും അദ്ദേഹത്തിന്‍റേത് തന്നെയാണ്. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ചും കൗതുകകരമായ ഒരു ക്രെഡ‍ിറ്റ് കാര്‍ഡ് ഈ ചിത്രത്തില്‍ ഉണ്ട്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. എഡിറ്റിംഗ് നവീന്‍ നൂലി. പ്രൊഡക്ഷന്‍ ഡിസൈനിംഗിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നറേറ്റര്‍ ആയി എത്തുന്നത്. തമിഴില്‍ ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ്. സാമ്രാജ്യ എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെയ് 30 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. എന്നാല്‍ അത് നടന്നില്ല. അവസാന നിമിഷം ചില റീഷൂട്ടുകള്‍ വേണ്ടിവന്നതിനാല്‍ ചിത്രത്തിന്‍റെ എഡിറ്റിംഗ് പൂര്‍ത്തിയാകാന്‍ വൈകിയതാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം സംഗീത സംവിധായകന്‍ അനിരുദ്ധും കൂടുതല്‍ സമയം ചോദിച്ചിരുന്നു.

KINGDOM Release Date Promo | Vijay Deverakonda | Anirudh Ravichander | Naga Vamsi | Gowtam Tinnanuri