അനുപമ പരമേശ്വരൻ നായികയായ തെലുങ്ക് ഹൊറർ ത്രില്ലർ ചിത്രം 'കിഷ്കിന്ധാപുരി' ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.
അനുപമ പരമേശ്വരന്‍ നായികയായ തെലുങ്ക് ഹൊറര്‍ ത്രില്ലര്‍ ചിത്രം കിഷ്കിന്ധാപുരി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. സായ് ശ്രീനിവാസ് നായകനായ ചിത്രത്തിന്‍റെ രചനയും സംവിധാനവും കൗശിക് പെഗല്ലപതി ആണ്. സെപ്റ്റംബര്‍ 12 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 36-ാം ദിനമായ ഇന്നലെയാണ് ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് പ്രദര്‍ശനം. ഒരു ദിവസത്തിനപ്പുറം നാളെയാണ് ചിത്രത്തിന്‍റെ ടെലിവിഷനിലെ പ്രീമിയര്‍ ഷോ. ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ചിത്രം സീ തെലുങ്ക് ചാനലിലൂടെ കാണാം.
മൈഥിലി എന്നാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മൈഥിലിയുടെ കാമുകന്‍ രാഘവയായി സായ് ശ്രീനിവാസും എത്തുന്നു. സഞ്ചാരികളെ പ്രേതബാധയുള്ളതെന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന ഒരു ഗോസ്റ്റ് വോക്കിംഗ് ടൂര്‍ കമ്പനിയിലെ അംഗങ്ങളാണ് ഇരുവരും. എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം ഉണ്ടാക്കുകയാണ് ആത്യന്തികമായി ഇത്തരം യാത്രകളിലൂടെ ഇവര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ ദുരൂഹമായ ഭൂതകാലമുള്ള ഒരു റേഡിയോ സ്റ്റേഷനിലേക്ക് ഒരിക്കല്‍ അവര്‍ സഞ്ചാരികള്‍ക്കൊപ്പം ഒരു യാത്ര നടത്തുകയാണ്. ഇതുവരെ നേരിട്ടതുപോലെയുള്ള അനുഭവങ്ങള്‍ ആയിരുന്നില്ല അവരെ അവിടെ കാത്തിരുന്നത്. പിന്നീട് ഈ കഥാപാത്രങ്ങള്‍ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് കൗശിക് പെഗല്ലപതിയുടെ ചിത്രം നമ്മെ കൊണ്ടുപോകുന്നത്. കിഷ്കിന്ധാപുരി എന്നത് ആ റേഡിയോ സ്റ്റേഷന്‍റെ പേരാണ്.
ഷൈന്‍ സ്ക്രീന്‍സിന്‍റെ ബാനറില്‍ സാഹു ഗരപതിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം ചൈതന്‍ ഭരദ്വാജ്, ഛായാഗ്രഹണം ചിന്മയ് സലസ്കര്‍, എഡിറ്റിംഗ് നിരഞ്ജന്‍ ദേവരമനെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മനീഷ എ ദത്ത്, കലാസംവിധാനം ഡി ശിവ കാമേഷ്, ക്രിയേറ്റീവ് ഹെഡ് ജി കനിഷ്ക, സഹരചന ദരഹാസ് പലകൊല്ലു, അഡീഷണല്‍ സ്ക്രീന്‍പ്ലേ കെ ബാല ഗണേഷ്, പിആര്‍ഒ വംശി ശേഖര്‍, മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോ, വിവേസ് മീഡിയ, ഓഡിയോ ജംഗ്ലീ മ്യൂസിക്.
സമീപവര്‍ഷങ്ങളില്‍ അനുപമ പരമേശ്വരന്‍ ഏറ്റവുമധികം സിനിമകള്‍ ചെയ്തത് തെലുങ്കില്‍ ആണ്. എന്നാല്‍ ഈ വര്‍ഷം തെലുങ്കിനൊപ്പം തമിഴിലും മലയാളത്തിലും അവര്‍ സിനിമകള്‍ ചെയ്തു. ദീപാവലി റിലീസ് ആയെത്തിയ മലയാള ചിത്രം പെറ്റ് ഡിറ്റക്റ്റീവിലും തമിഴ് ചിത്രം ബൈസണിലും അനുപമ പ്രധാന വേഷങ്ങളില്‍ ഉണ്ട്.

