യേശുദാസിന്‍റെ 82-ാം പിറന്നാള്‍

മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് (K J Yesudas) പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും (Mohanlal) മമ്മൂട്ടിയും (Mammootty). സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ആശംസ പങ്കുവച്ചത്. 'പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകൾ' എന്ന വാചകമാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തതെങ്കില്‍ യേശുദാസിനൊപ്പമുള്ള തന്‍റെ ചിത്രത്തിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ ആശംസ. യേശുദാസിന്‍റെ 82-ാം പിറന്നാള്‍ ദിനമാണ് ഇന്ന്.

1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയില്‍, അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്ത് ജോസഫിന്‍റെയും മകനായാണ് യേശുദാസിന്‍റെ ജനനം. സംഗീതജ്ഞനായിരുന്ന പിതാവില്‍ നിന്നാണ് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ ബാലനായ യേശുദാസ് അഭ്യസിച്ചത്. പിന്നീട് തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളെജ് എന്നിവിടങ്ങളിലും പഠിച്ചു. ഗാനഭൂഷണം പാസ്സായതിനു ശേഷം ആകാശവാണി നടത്തിയ ശബ്‍ദപരിശോധനയില്‍ പങ്കെടുത്തെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. 22-ാം വയസ്സിലാണ് സിനിമയില്‍ ആദ്യമായി പിന്നണി പാടാന്‍ അവസരം ലഭിക്കുന്നത്. പ്രേം നസീര്‍, സഹോദരന്‍ പ്രേം നവാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കെ എസ് ആന്‍റണിയുടെ സംവിധാനത്തില്‍ 1962ല്‍ റിലീസ് ചെയ്യപ്പെട്ട 'കാല്‍പ്പാടുകള്‍' ആയിരുന്നു ചിത്രം.

യേശുദാസിന്‍റെ ചലച്ചിത്ര ഗാനാലാപനത്തിന് 60 വര്‍ഷം പൂര്‍ത്തിയായത് കഴിഞ്ഞ വര്‍ഷം നവംബര്‍ 14ന് ആയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ യുഎസിലാണ് പിറന്നാള്‍ ദിനത്തില്‍ യേശുദാസ്. പിറന്നാള്‍ ദിനത്തില്‍ മുന്‍പ് പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന മൂകാംബിക ക്ഷേത്ര ദര്‍ശനം ഇക്കൊല്ലവും അദ്ദേഹത്തിന് ഒഴിവാക്കേണ്ടിവന്നു. എന്നാല്‍ യേസുദാസിനുവേണ്ടി സുഹൃത്ത് കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഇന്നലെ കൊല്ലൂരില്‍ എത്തിയിരുന്നു. അതേസമയം ദിലീപ് നായകനായ 'കേശി ഈ വീടിന്‍റെ നാഥനി'ലാണ് യേശുദാസ് അവസാനമായി ആലപിച്ച മലയാള ഗാനം.