കൊച്ചി: ബ്ലാക്ക്‌മെയിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന സ്വർണ്ണക്കടത്ത് വെറും കെട്ടുകഥയെന്ന് അന്വേഷണ സംഘം. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ ഹാരിസും റഫീഖുമാണ്. ഇവർക്ക് ഷംന കാസിമിന്റെ നമ്പർ നൽകിയത് സിനിമ മേഖലയിൽ നിന്ന് തന്നെയുള്ള വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

ഷംന കാസിമിൽ നിന്ന് പണം തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമിച്ചത്. സംഘം 20ലേറെ യുവതികളെ തങ്ങളുടെ കെണിയിൽ വീഴ്ത്തി. ഇവരിൽ നിന്ന് തട്ടിയെടുത്ത 64 ഗ്രാം സ്വർണ്ണം പൊലീസ് കണ്ടെത്തി. തട്ടിയെടുത്ത പണം ചെലവാക്കിയെന്നാണ് പ്രതികളുടെ മൊഴി. ഇന്ന് രാവിലെ 10.30 ന് അന്വേഷണ സംഘത്തിന്റെ യോഗം ചേരും.

ബ്ലാക്ക്മെയ്ലിങ് തട്ടിപ്പുസംഘം തന്നെ നിരവധി തവണ വിളിച്ചെന്ന് നടൻ ധർമ്മജൻ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജിയാണ് തന്റെ നമ്പർ സംഘത്തിന് നൽകിയത്. മൂന്ന് തവണ അവർ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വർണം കടത്താനാണ് അവരുടെ പ്ലാൻ. താരങ്ങളെ ഉപയോഗിച്ച് സ്വർണം കടത്തുന്ന സംഘമാണെന്ന് ഇവർ പരിചയപ്പെടുത്തി. ഷംനയുടെ നമ്പർ പ്രൊഡക്ഷൻ കൺട്രോളറാണ് സംഘത്തിന് നൽകിയതെന്നും ധർമ്മജൻ പറഞ്ഞു. 

കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടൻ മൊഴി നൽകിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയിൽ തിരിച്ചെത്തി. ഇവർ ഇന്ന് മുതൽ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോൺഫറൻസിലൂടെയാവും മൊഴി രേഖപ്പെടുത്തുക.