ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ വന്‍ തിരിച്ചടി നേരിട്ട നെല്‍സണ്‍ വന്‍ തിരിച്ചുവരവാണ് ജയിലറിലൂടെ നടത്തിയത്.
ചെന്നൈ: 2023ല്‍ തമിഴിലെ വന്‍ വിജയമായ ചിത്രമാണ് ജയിലര്‍. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി എത്തിയ ചിത്രം ബോക്സോഫീസില്‍ 600 കോടിയോളം കളക്ട് ചെയ്തിരുന്നു. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ വന്‍ തിരിച്ചടി നേരിട്ട നെല്‍സണ്‍ വന്‍ തിരിച്ചുവരവാണ് ജയിലറിലൂടെ നടത്തിയത്.
ജയിലറായി വിരമിച്ച ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ തന്‍റെ പൊലീസുകാരനായ മകനെയും കുടുംബത്തെയും രക്ഷിക്കാന്‍ നടത്തുന്ന പോരാട്ടമായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം. മലയാളത്തില്‍ നിന്നും വിനായകനായിരുന്നു ചിത്രത്തിലെ വര്‍മ്മന്‍ എന്ന വില്ലന്‍ റോള്‍ ചെയ്തത്. വിനായകന് വന്‍ കൈയ്യടിയാണ് ചിത്രം നല്‍കിയത്.
മലയാളത്തിന്‍റെ സൂപ്പര്‍താരം മോഹന്‍ലാലും, കന്നഡയില്‍ നിന്നും ശിവ രാജ് കുമാറും ചിത്രത്തില്‍ പ്രധാനപ്പെട്ട ക്യാമിയോ റോളുകളില്‍ എത്തിയിരുന്നു. ഇരുവര്‍ക്കും വലിയ നേട്ടമായി 2023ല്‍ ഈ വേഷങ്ങള്‍. അതിനൊപ്പം തന്നെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേര്‍സിന്‍റെ പണപ്പെട്ടിയും ഈ ചിത്രം നിറച്ചു. അതിന്‍റെ ഭാഗമായി നെല്‍സണും, സൂപ്പര്‍താരം രജനിക്കും അധിക പൈസയും കാറും നിര്‍മ്മാതാക്കള്‍ സമ്മാനമായി നല്‍കിയിരുന്നു.
രജനികാന്തിന്‍റെ സ്ഥിരം സ്റ്റെലുകള്‍ക്കൊപ്പം നെല്‍സന്‍റെ ഡാര്‍ക്ക് കോമഡിയും ചേര്‍ന്നപ്പോഴാണ് ചിത്രം വന്‍ വിജയം നേടിയത്. അതേ സമയം നെല്‍സണ്‍ അടുത്തതായി ആര്‍ക്കൊപ്പം ചിത്രം ചെയ്യും എന്നതാണ് ഇപ്പോള്‍ തമിഴകം ഉറ്റുനോക്കുന്നത്. ജയിലര്‍ വിജയാഘോഷ വേദിയില്‍ തന്നെ അടുത്ത ചിത്രത്തിനുള്ള പണികള്‍ ആരംഭിച്ചുവെന്നാണ് നെല്‍സണ്‍ പറഞ്ഞത്.
ഏറ്റവും പുതിയ വിവരം അനുസരിച്ച് തമിഴകത്തെ സൂപ്പര്‍താരമായ ധനുഷിന്‍റെ 51മത്തെ ചിത്രം നെല്‍സണ്‍ സംവിധാനം ചെയ്യും എന്നാണ് വിവരം. ധനുഷിനെ തിരക്കഥ പൂര്‍ത്തിയാക്കി ഏല്‍പ്പിച്ചുവെന്നാണ് വിവരം. ജനുവരിയില്‍ തന്നെ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. ആക്ഷന്‍ കോമഡി ചിത്രം തന്നെയാണ് ധനുഷിനെ വച്ച് നെല്‍സണ്‍ ഒരുക്കാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.
രണ്ട് പാര്‍ട്ടായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്‍റെ ബജറ്റ് വെളിപ്പെടുത്തി ജിത്തു ജോസഫ്
