ഇല്ലാത്തിടത്തു നിന്നും എന്റെ മോൻ ഇത്ര ഉന്നതിയിലെത്താൻ കാരണം ജനങ്ങളാണ്.
ബിഗ് ബോസ് മൽസരാർത്ഥിയായ കടൽകൊമ്പൻ എന്ന ശ്രീരാജിനെതിരെയുള്ള പിആർ ആരോപണങ്ങളിൽ പ്രതികരിച്ച് ശ്രീരാജിന്റെ അച്ഛൻ രംഗത്ത്. പി.ആർ. പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലായിരുന്നുവെന്നും മറ്റുള്ളവരോട് ചോദിച്ചപ്പോഴാണ് പണം നൽകി വോട്ട് പിടിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങൾ മനസിലായതെന്നും അദ്ദേഹം പറയുന്നു. എന്നാൽ, താനും മകനും ഒരിക്കലും അത് ചെയ്തിട്ടില്ലെന്നും ഇനി ചെയ്യാനും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോയുടെ അവസാനം വികാരാധീനനായാണ് കൊമ്പന്റെ അച്ഛൻ സംസാരിക്കുന്നത്.
''പി.ആർ പി.ആർ എന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. ഇതെന്താണ് സംഭവമെന്ന് എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. പിന്നീട് പിള്ളേരോട് ചോദിച്ചപ്പോഴാണ് പറയുന്നത് പൈസ കൊടുത്ത് വോട്ട് പിടിക്കുന്നതാണെന്ന്. പക്ഷേ, ഇന്നേവരെ ഞാനും എന്റെ മോനും ആ പണിക്ക് നിന്നിട്ടില്ല, നിൽക്കുകയുമില്ല. ഞങ്ങൾ കടലിലെ മക്കളാണ്, ഞങ്ങൾക്ക് നേരും നെറിവും ഉണ്ട്. ഞങ്ങൾ ആരോടും ഒരു ചതിയും കാണിച്ചിട്ടില്ല. എന്റെ മോനെ ഈ നിലയിൽ എത്തിച്ചത് ജനങ്ങളും അവന്റെ കൂട്ടുകാരും ഫോളോവേഴ്സുമാണ്. അവന് വളഞ്ഞ വഴി നോക്കേണ്ട കാര്യമില്ല.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എന്റെ മോൻ പിആർ ചെയ്യുന്നുണ്ടെന്ന് കൈവിരലിൽ എണ്ണാവുന്ന ചില ആളുകൾ മാത്രം പറയുന്നുണ്ട്. ഒരിക്കലുമില്ല. ഇല്ലാത്തിടത്തു നിന്നും എന്റെ മോൻ ഇത്ര ഉന്നതിയിലെത്താൻ കാരണം ജനങ്ങളാണ്. എന്റെ മോൻ എന്തെങ്കിലും കള്ളത്തരം കാണിച്ചിരുന്നെങ്കിൽ ആ ഫ്ളോറിൽ എത്തില്ലായിരുന്നു. ഉള്ള കാര്യം വെട്ടിത്തുറന്ന് പറയുന്നയാളാണ്, അത് ചിലയാളുകൾക്ക് ഇഷ്ടപ്പെടണമെന്നില്ല. അവനെ സ്നേഹിക്കുന്നവർക്ക് അവനെ വിശ്വാസമാണ്. ഞാനോ എന്റെ മോനോ പൈസ കൊടുത്ത് വോട്ട് പിടിക്കുകയാണെന്ന് തെളിയിക്കുകയാണെങ്കിൽ എന്റെ മോനെ ഞാൻ ബിഗ് ബോസിൽ നിന്നും തിരിച്ചു കൊണ്ടുവരും. അത്ര സങ്കടത്തോടെയാണ് ഞാൻ പറയുന്നത്. എനിക്കും എന്റെ മകനും കള്ളത്തരത്തിന്റെ വഴി അറിയില്ല'', കൊമ്പന്റെ അച്ഛൻ വീഡിയോയിൽ പറഞ്ഞു.










