ടൈറ്റില്‍ കണ്ട് ഞെട്ടി സിനിമാപ്രേമികള്‍. പക്ഷേ…
മലയാള സിനിമകള്‍ക്ക് മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ ആസ്വാദകര്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഒടിടിയുടെ ജനകീയതയാണ് അതിന് കാരണം. എന്നാല്‍ ഒടിടി കാലത്തിന് മുന്‍പേ തൊണ്ണൂറുകളില്‍ സുരേഷ് ഗോപി അടക്കമുള്ള ചില താരങ്ങള്‍ക്ക് തെലുങ്കിലും മറ്റും ആരാധകര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ അവിടെ വലിയ വിജയങ്ങളും നേടിയിരുന്നു. എന്നാല്‍ ഇതൊക്കെ ഔദ്യോഗികമായ കാര്യങ്ങള്‍. അതല്ലാതെ മലയാള ചിത്രങ്ങളുടെ ഡബ്ബിംഗ് പതിപ്പുകള്‍ യുട്യൂബില്‍ ഇഷ്ടം പോലെയുണ്ട്. ഹിന്ദിയിലും തെലുങ്കിലുമാണ് ഇത് ഏറ്റവും കൂടുതല്‍. ചെറിയ തുകയ്ക്ക് ഡബ്ബിംഗ് റൈറ്റ്സ് വാങ്ങിയവ സിനിമകളുടെ പേര് പോലും മാറ്റിയാണ് മറുഭാഷകളില്‍ എത്തുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം യുട്യൂബില്‍ കൗതുകമാവുകയാണ്.

ദൃശ്യം എന്ന ടൈറ്റിലില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുട്യൂബില്‍ എത്തിയ തെലുങ്ക് ചിത്രമാണ് ഇത്! കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നുന്നുണ്ടാവും. എന്നാല്‍ ചിത്രത്തിന് ഇപ്പോള്‍ തിയറ്ററുകളിലുള്ള ഒറിജിനല്‍ ദൃശ്യം മൂന്നുമായി ബന്ധമൊന്നുമില്ല. മറിച്ച് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബ്ഡ് പതിപ്പാണ് ഇത്. ബാബുരാജിനെ നായകനാക്കി ഡിനു തോമസ് എലാന്‍ സംവിധാനം ചെയ്ത കൂദാശ എന്ന ചിത്രത്തിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പാണ് ദൃശ്യം 3 എന്ന പേരില്‍ രണ്ട് വര്‍ഷം മുന്‍പ് യുട്യൂബില്‍ അപ്‍ലോഡ് ചെയ്തിരിക്കുന്നത്. ലേറ്റസ്റ്റ് തെലുങ്ക് സൈക്കോളജിക്കല്‍ ത്രില്ലര്‍ മൂവീസ് എന്നും വീഡിയോയുടെ ടൈറ്റിലില്‍ ഉണ്ട്.
ദൃശ്യം ഫ്രാഞ്ചൈസിയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ തെലുങ്കിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. വെങ്കിടേഷ് ആണ് ഇതിലെ നായകന്‍. ബാബുരാജ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന്‍റെ കമന്‍റ് ബോക്സിലും വെങ്കടേഷ് അഭിനയിച്ച ദൃശ്യം തെലുങ്ക് റീമേക്കിന്‍റെ കാര്യം ആളുകള്‍ പറയുന്നുണ്ട്. ഒറിജിനല്‍ ദൃശ്യം 3 തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെയാണ് ഈ ചിത്രം വീണ്ടും സിനിമാപ്രേമികളുടെ യുട്യൂബ് ടൈംലൈനുകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 2 മില്യണില്‍ അധികം കാഴ്ചകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
അതേസമയം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം 3 ന്‍റെ തെലുങ്ക് ഡബ്ബിംഗ് പതിപ്പ് തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. മലയാളം ദൃശ്യം 3 എത്തിയ മെയ് 21 ന് തന്നെയാണ് തെലുങ്കിലും കന്നഡയിലും തമിഴിലും മൊഴിമാറ്റ പതിപ്പുകളും എത്തിയത്. മികച്ച കളക്ഷനുമാണ് തെലുങ്ക് മൊഴിമാറ്റ പതിപ്പ് നേടുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ദൃശ്യം 3.

