അയല്‍പക്കത്തെയാള്‍ എന്ന് തോന്നിപ്പിച്ച അതിസ്വാഭാവികത, മറ്റാര്‍ക്കും പാകമാവാത്ത പാത്രസൃഷ്ടികള്‍

സ്ക്രീനില്‍ കാണുന്നത് തങ്ങളില്‍ ഒരാളെയെന്ന് കാണി തിരിച്ചറിയുന്നതിനാണ് ഏത് അഭിനേതാവും ആഗ്രഹിക്കുന്നത്. ഒരു ആക്ടര്‍ എന്ന നിലയില്‍ അതാണ് അയാളുടെ/ അവളുടെ വിജയം. അങ്ങനെയെങ്കില്‍ അഭിനയത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു കെപിഎസി ലളിത (KPAC Lalitha). ഈ നടി സ്ക്രീനില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരെപ്പോലെ അപൂര്‍ണ്ണതയുടെ സൗന്ദര്യം പേറുന്നവരായിരുന്നു. കൃത്രിമമായ സ്നേഹപ്രകടനങ്ങളോ ഭംഗിവാക്കുകളോ പറയാത്തവര്‍, അയല്‍പക്കത്തെ ചേച്ചിയെന്നോ അമ്മയെന്നോ തോന്നിപ്പിക്കുന്നവര്‍.. ലളിതയുടെ അഭിനയപ്രതിഭയോട് ബഹുമാനത്തോടെയാണ് ഇന്നോളം മലയാള സിനിമ പെരുമാറിയത്. ലളിതയ്ക്കുവേണ്ടി നീക്കിവെച്ച കഥാപാത്രങ്ങളിലൊക്കെ അയല്‍പക്കത്തെയാള്‍ എന്ന് തോന്നിപ്പിക്കുന്ന ഒരു സാധാരണത്വം തിരക്കഥാകൃത്തുക്കളും സംവിധായകരും ഒരുക്കിവച്ചു, ആ സാധാരണത്വത്തെ അഭിനയിച്ചുഫലിപ്പിക്കാന്‍ ലളിതയെപ്പോലെ ഒരു അഭിനയപ്രതിഭയ്ക്കേ സാധിക്കൂവെന്ന് സത്യന്‍ അന്തിക്കാടിനും ലോഹിതദാസിനും അടൂരിനുമൊക്കെ അറിയാമായിരുന്നു.

ലളിതയുടെ അമ്മവേഷങ്ങള്‍ മാത്രമെടുക്കാം. മലയാള സിനിമയുടെ പൊതുരീതി വച്ച് സര്‍വ്വംസഹകളായ അമ്മമാരല്ല അക്കൂട്ടത്തില്‍ കൂടുതല്‍. സ്ഫടികത്തിലെയും വടക്കുനോക്കിയന്ത്രത്തിലെയും സന്‍മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെയും അമ്മമാരെ എടുക്കാം. ബ്ലൗസിന്‍റെ നിറത്തിലും നെറ്റിയിലെ പൊട്ടിന്‍റെ സാന്നിധ്യത്തിലും അതിന്‍റെ വലുപ്പത്തിലും ഒക്കെ മാത്രമാണ് രൂപത്തില്‍ ഈ കഥാപാത്രങ്ങളുടെ വ്യത്യാസം. പക്ഷേ സ്വഭാവത്തിലോ? വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍റെ അമ്മയെ സോഫ്റ്റ് ആയ ഒരു അമ്മയായിട്ടല്ല ശ്രീനിവാസന്‍ എഴുതിവച്ചിരിക്കുന്നത്. കോംപ്ലക്സുകളുടെ മൂര്‍ത്തരൂപമായ മകന് ഒരു വിലയും കൊടുക്കാത്ത, വിവാഹത്തിന് പിറ്റേന്നും ഇന്ന് ജോലിക്ക് പോകുന്നില്ലേ എന്ന് ചോദിക്കുന്ന, അവനെ മധുവിധു ആഘോഷിക്കാന്‍ അനുവദിക്കാത്ത ഒരു കഠിനഹൃദയയാണ് ആ മാതാവ്. മുണ്ടും നേര്യതുമൊക്കെയണിഞ്ഞ് മലയാള സിനിമയിലെ സ്നേഹനിധികളായ അമ്മമാരുടെ സ്ഥിരം ലുക്കിലാണ് ഈ അമ്മയുമെങ്കിലും. 

സത്യന്‍ അന്തിക്കാടിന്‍റെ സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലേക്ക് വരുമ്പോള്‍ ഭയമാണ് കെപിഎസി ലളിതയുടെ കാര്‍ത്ത്യായനി എന്ന കഥാപാത്രത്തിന്‍റെ മുഖമുദ്ര. മറ്റ് ഏതൊരു സാധാരണ അമ്മ കഥാപാത്രമായും മാറുമായിരുന്ന ഒരു ക്യാരക്ടറിനെ തങ്ങളുടെ പ്രിയ അഭിനേതാക്കളില്‍ ഒരാളായ ലളിത വന്നപ്പോഴേക്ക് വിടര്‍ത്തിയിട്ടുണ്ട് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന്. സഹനം എന്നത് ഈ അമ്മയ്ക്കും ഉണ്ടെങ്കിലും നമുക്കറിയാവുന്ന ഒരാള്‍ എന്ന തോന്നലാണ് ആ കഥാപാത്രവും ഉണ്ടാക്കുക. ഒരു കഥാപാത്രത്തിന്‍റെ ഭീതി കണ്ട് പ്രേക്ഷകര്‍ ചിരിക്കണമെങ്കില്‍ ആ വേഷം അഭിനയിക്കുന്ന ആള്‍ക്ക് സാധാരണ റേഞ്ച് പോര. ശ്രീനിവാസന്‍ എഴുതിയ പല രംഗങ്ങളും ഇപ്പോഴും ടെലിവിഷന്‍ കാഴ്ചകളില്‍ കൈയടി നേടുന്നതില്‍ ഒരു പ്രധാന കാരണം കെപിഎസി ലളിത എന്ന അഭിനേത്രിയാണ്.

മുഖ്യധാരയില്‍ വന്‍ ജനപ്രീതി നേടിയ ചില സിനിമകളില്‍ ലളിത അവതരിപ്പിച്ച മറ്റൊരു ക്യാരക്ടര്‍ സ്കെച്ച് അച്ഛന്‍- മകന്‍ സംഘര്‍ഷങ്ങളില്‍ പെട്ടുപോയ, അതിന്‍റെ വ്യാകുലത അനുഭവിക്കുന്ന അമ്മമാരാണ്. സ്ഫടികവും വീണ്ടും ചില വീട്ടുകാര്യങ്ങളുമാണ് അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയവ. രണ്ട് ചിത്രങ്ങളിലും തിലകന്‍ എന്ന മറ്റൊരു അനു​ഗ്രഹീത നടനുമായാണ് കോമ്പിനേഷന്‍ എന്ന പ്രത്യേകതയുമുണ്ട്. വീട്ടുകാര്യങ്ങളിലെ അമ്മയ്ക്ക് മകനോടുള്ള പെരുമാറ്റത്തിന്‍റെ പേരില്‍ അച്ഛനോട് ദേഷ്യമുണ്ടാവുന്നത് ക്രമാനു​ഗതമായിട്ടാണെങ്കില്‍ സ്ഫടികം സിനിമ ആരംഭിക്കുമ്പോഴേ അവര്‍ ആ മനോനിലയിലാണ്. ഒരേ ക്യാരക്റ്റര്‍ സ്കെച്ചില്‍, രണ്ട് മീറ്ററുകളിലുള്ള പ്രകടനം. വീട്ടുകാര്യങ്ങളിലേത് താരതമ്യേന സൗമ്യതയുള്ള ആളാണെങ്കില്‍ ഭദ്രന്‍റെ കഥാപാത്രത്തിന് തീക്ഷ്ണതയാണ് ഉള്ളത്. 

YouTube video player

ഏത് തരം കഥാപാത്രം ചെയ്യുമ്പോഴും അതില്‍ ഹ്യൂമറിന്‍റെ ഒരു എലമെന്‍റ് കൊണ്ടുവരാന്‍ കഴിയും എന്നതാവും കെപിഎസി ലളിതയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ മറ്റൊരു കാര്യം. മണിച്ചിത്രത്താഴിലെ ഭാസുരയെ മാത്രമെടുത്താല്‍ മതി ഈ നടിയുടെ കോമിക് ടൈമിം​ഗും രസപ്രകടനശേഷിയും മനസിലാക്കാന്‍. വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണും അമരത്തിലെ ഭാര്‍​​ഗവിയുമടക്കം വൈകാരികതയുടെ മറ്റൊരു ലോകത്തുള്ള കഥാപാത്രങ്ങളെയും ഇതേ നടി തന്നെയാണ് അവതരിപ്പിച്ചതെന്ന് അറിയുമ്പോഴാണ് അക്ഷരം തെറ്റാതെ ലെജന്‍ഡ് എന്നു വിളിക്കേണ്ട ആളാണ് അവരെന്ന് മനസിലാവുക.