Asianet News MalayalamAsianet News Malayalam

വൈരമുത്തുവിന്‍റെ ഒഎന്‍വി പുരസ്‍കാരം; അടൂരിന്‍റെ പ്രതികരണത്തിനെതിരെ കെ ആര്‍ മീര

"ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി."

kr meera criticizes adoor gopalakrishnan stand on vairamuthu receiving onv award
Author
Thiruvananthapuram, First Published May 27, 2021, 8:36 PM IST

മി ടൂ ആരോപണവിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി സാഹിത്യപുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരായ പ്രതിഷേധങ്ങളില്‍ നിലപാട് പറഞ്ഞ് എഴുത്തുകാരി കെ ആര്‍ മീര. ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒഎന്‍വി സാഹിത്യ പുരസ്‍കാരമെന്നും എഴുത്തിലെ മികവാണ് മാനദണ്ഡമെന്നും ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ആയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‍ണന്‍ പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയോടുള്ള എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പ്. നടി പാര്‍വ്വതി തിരുവോത്ത്, തമിഴ് കവിയും ആക്റ്റിവിസ്റ്റുമായ മീന കന്ദസാമി, ഗായിക ചിന്മയി ശ്രീപാദ തുടങ്ങി നിരവധി പേര്‍ മി ടൂ ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ക്ക് ഒഎന്‍വി പുരസ്‍കാരം നല്‍കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പ്

പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ  തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും   വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട്  ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ "ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം" എന്ന പ്രതികരണത്തോട് ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.

കാരണം,  ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി.  കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം.  കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെക്കുറിച്ച് ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.

ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍. "അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം" എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.  ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ‍ ഞാന്‍ ആരുമല്ല. പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ  ‘സ്വഭാവഗുണമില്ലായ്മ’ അല്ല.  മനുഷ്യത്വമില്ലായ്മയാണ്.  കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍‍ഡ്‍ പരിഗണിക്കാന്‍ അപേക്ഷ‍.
 

Follow Us:
Download App:
  • android
  • ios