വാര്‍ത്താ അവതാരകനായി എത്തി അഭിനേതാവായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ നടനാണ് കൃഷ്‍ണകുമാര്‍. ലോക്ക് ഡൗണ്‍ കാലത്ത് ഓര്‍മ്മക്കുറിപ്പുകളും ഫോട്ടോകളും കൃഷ്‍ണ കുമാര്‍ പങ്കുവയ്‍ക്കാറുണ്ട്. കൃഷ്‍ണകുമാറിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൃഷ്‍ണകുമാര്‍ തന്നെ അഭിനയിച്ച ഒരു സിനിമയിലെ രംഗം പുനരാവിഷ്‍കരിച്ചിരിക്കുകയാണ് താരം. മകള്‍ ദിയ കൃഷ്‍ണകുമാറാണ് കൂട്ട്."

ജയസൂര്യ നായകനായ ചതിക്കാത്ത ചന്തു എന്ന സിനിമയിലെ രംഗമാണ് കൃഷ്‍ണകുമാറും മകളും പുനരാവിഷ്‍ക്കരിച്ചിരിക്കുന്നത്. കൃഷ്‍ണകുമാറിനൊപ്പം സിനിമയില്‍ അഭിനയിച്ച ജയസൂര്യയുടെ റോളാണ് വീഡിയോയില്‍ മകള്‍ ദിയ കൃഷ്‍ണകുമാര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമക്കാര്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് കൃഷ്‍ണകുമാറിനെ ജയസൂര്യ കുത്തുന്നതായിരുന്നു ചതിക്കാത്ത ചിന്തുവില്‍ പ്രേക്ഷകരെ ചിരിപ്പിച്ച ആ രംഗം. ചതിക്കാത്ത ചന്തു കണ്ടപ്പോഴുള്ള അതേ ചിരി തന്നെയാണ് കൃഷ്‍ണകുമാറിന്റെയും മകളുടെയും വീഡിയോ കാണുമ്പോഴും തോന്നുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.