വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന “കൃഷ്ണൻകുട്ടി പണി തുടങ്ങി” എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. വിഷു ദിനത്തിൽ സീ ഫൈവ് പ്ലാറ്റഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ അണിയറപ്രവത്തകരാണ് റിലീസ് വിശേഷം പങ്കുവെച്ചത്. വിഷ്ണുവും സാനിയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പെപ്പര്‍ കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു കോമഡി ഹൊറര്‍ ത്രില്ലറാണ്.

എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ടോമും, നിര്‍മ്മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹോം നഴ്‌സ് ആയ ഉണ്ണിക്കണ്ണന്റെ ജീവിതത്തില്‍ അവിചാരിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഉണ്ണിക്കണ്ണനായ് സ്‌ക്രീനിലെത്തുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണനാണ്. സാനിയ ഇയ്യപ്പന്‍ ചിത്രത്തിലെ മറ്റൊരു മുഖ്യ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

'പൊടിമീശ മുളയ്ക്കണ കാലം' എന്ന എവർഗ്രീൻ സോങ്ങ് ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ  സംഗീതവും ആനന്ദിന്റെതാണ്. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ.

#KrishnankuttyPaniThudangi OTT Streaming @zee5malayalam & Direct World Television Premiere @ #ZeeKeralam On Vishu Day 2021 ✌️ #VishnuUnnikrishnan #SaniyaIyyappan #SoorajTom

Posted by Kerala Box Office on Saturday, 13 March 2021

മേക്കിംഗിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജിത്തു  ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ  എം. ബാവ. കോസ്റ്റ്യൂം ഡിസൈൻ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്‌റഫ്‌ ഗുരുക്കൾ എന്നിവരാണ്. 

കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയ്ക്ക് വേണ്ടി വികൃതി, പാവ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും, വിഎഫ്എക്സ് ആർട്ടിസ്റ്റുമായ അജീഷ് പി തോമസ് ഒരുക്കിയ ടൈറ്റിൽ അനിമേഷൻ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇഫാർ മീഡിയയാണ് കൃഷ്ണൻകുട്ടി പണി തുടങ്ങി വിതരണം നിർവ്വഹിക്കുന്നത്.