മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണം എത്രത്തോളം വേദനിപ്പിച്ചോ അത്രത്തോളം വേദനയായിരുന്നു അദ്ദേഹത്തെ സ്നേഹിച്ചവർക്ക് ദിൽ ബെച്ചാര എന്ന സിനിമയും സമ്മാനിച്ചത്. സിനിമ കണ്ടിറങ്ങിയ പലരും അവരുടെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ വൈകരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് അടുത്ത സുഹൃത്തും നടിയുമായ കൃതി സനോൺ.

ഏറെ വേദനിപ്പിക്കുന്ന വാക്കുകളാണ് കൃതി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരിക്കുന്നത്. “ഇത് ശരിയല്ല. ഇതൊരിക്കലും മനസിലാകില്ല. ഇത് വീണ്ടും എന്റെ ഹൃദയം തകർത്തു. മന്നിയായി പലയിടങ്ങളിലും നീ ജീവനോടെ വരുന്നത് ഞാൻ കണ്ടു. ആ കഥാപാത്രത്തിൽ നീയെവിടെയെല്ലാമാണ് നിന്നെ തന്നെ നൽകിയിരിക്കുന്നത് എന്ന് എനിക്ക് കൃത്യമായി അറിയാം. എപ്പോഴത്തേയും പോലെ അത് പലപ്പോഴും നിന്റെ നിശബ്ദതയിൽ തന്നെയായിരുന്നു. നീ ഒന്നും മിണ്ടാതെ തന്നെ ഒരുപാട് പറഞ്ഞ ചിലയിടങ്ങളിൽ,” വേദനയോടെ കൃതി കുറിച്ചു. 

“ഇത് കാണുന്നത് വളരെ കഠിനമാണ്. പക്ഷെ കാണാതിരിക്കാൻ എനിക്കെങ്ങനെ സാധിക്കും!” എന്നായിരുന്നു ദിൽ ബെച്ചാരയുടെ ട്രെയിലർ പങ്കുവച്ചുകൊണ്ട് നേരത്തെ കൃതി കുറിച്ചത്. ജൂണ്‍ 14ന് മുംബൈയിലെ ബാന്ദ്രയിലെ വസതിയില്‍ വച്ചാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.