ശേഖര്‍ കമ്മുലയാണ് ചിത്രത്തിന്‍റെ സംവിധാനം
ഇന്ത്യന്‍ സിനിമയിലെ സമീപകാല റിലീസുകളില്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് ധനുഷ്, നാഗാര്‍ജുന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്ത കുബേര. ക്രൈം ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ഈ മാസം 20 ന് ആയിരുന്നു. മികച്ച പ്രേക്ഷകപ്രതികരണത്തോടെ ബോക്സ് ഓഫീസിലും ചിത്രം ചലനമുണ്ടാക്കി. ഇപ്പോഴിതാ ചിത്രത്തിന്‍റെ ജനപ്രീതി സംബന്ധിച്ച മറ്റൊരു കണക്ക് കൂടി പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ കുബേര ഇതുവരെ വിറ്റിരിക്കുന്ന ടിക്കറ്റുകളുടെ എണ്ണമാണ് അത്.
നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ചിത്രം ബുക്ക് മൈ ഷോയിലൂടെ മാത്രം ഇതിനകം വിറ്റിരിക്കുന്നത് 15 ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ്. ആറ് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ച കാര്യമാണ് ഇത്. തമിഴിലും തെലുങ്കിലുമായി ഒരേ സമയം പ്രദര്‍ശനത്തിനെത്തിയ ചിത്രമാണിത്. എന്നാല്‍ തെലുങ്കിലാണ് ചിത്രം കൂടുതല്‍ ശ്രദ്ധിക്കപ്പട്ടതും കളക്റ്റ് ചെയ്തതും. സംവിധായകന്‍ തന്നെ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.
ഞാന്‍ കരുതിയിരുന്നത് കുബേരയുടെ കഥയുമായും അതിലെ ധനുഷിന്‍റെ കഥാപാത്രവുമായും തമിഴ് പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നും എന്നായിരുന്നു. എന്നാല്‍ തമിഴ് പതിപ്പിന്‍റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം എന്തുകൊണ്ട് അത്തരത്തില്‍ സംഭവിച്ചുവെന്നതിന്‍റെ കാരണം ഞങ്ങള്‍ക്ക് പരിശോധിക്കേണ്ടതുണ്ട്, ശേഖര്‍ കമ്മൂല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സുനിൽ നാരംഗ്, പുഷ്കര്‍ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സോണാലി നാരംഗ് ആണ്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ജിം സർഭും ദലിപ് താഹിലും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളില്‍ ഉണ്ട്. ദേശീയ അവാർഡ് ജേതാവാണ് ശേഖർ കമ്മൂല. ബിഗ് ബജറ്റില്‍ എത്തിയിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആകെ ദൈർഘ്യം 181 മിനിറ്റ്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്.

