പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ ലഭിച്ച 'കുമ്പളങ്ങി നൈറ്റ്‌സി'ന്റെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. ഈ മാസം 28ന് (ഞായറാഴ്ച) വൈകിട്ട് ആറിനാണ് പ്രദര്‍ശനം. ബോക്‌സ്ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രം അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലും എത്തിയിരുന്നു. അവിടെയും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.

ആഷിക് അബുവിന് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന മധു സി നാരായണന്റെ ആദ്യ സംവിധാനശ്രമമായിരുന്നു 'കുമ്പളങ്ങി നൈറ്റ്‌സ്'. ശ്യാം പുഷ്‌കരന്റേതാണ് രചന. ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ടുകൂടി ശ്രദ്ധേയമായിരുന്നു ചിത്രം.

ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളുടെ പേരില്‍ നസ്രിയ നസിം, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുശിന്‍ ശ്യാം സംഗീതവും നിര്‍വ്വഹിച്ചു.