കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രം

സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ എത്തിയ കുമ്മാട്ടിക്കളി. എന്നാല്‍ സമീപകാലത്ത് ഈ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായത് ട്രോള്‍ വീഡിയോകളില്‍ക്കൂടി ആയിരുന്നു. മാധവ് സുരേഷിന്‍റെ ഒരു ആക്ഷന്‍ സീക്വന്‍സിലെ പഞ്ച് ഡയലോഗ് ആണ് ട്രോളന്മാര്‍ ആയുധമാക്കിയത്. ഇതില്‍ മാധവ് പ്രതികരിച്ചിരുന്നു. ചിത്രത്തില്‍ തന്‍റേത് നല്ല പ്രകടനമോ അത് നല്ലൊരു കാന്‍വാസോ ആയിരുന്നില്ലെന്നായിരുന്നു നടന്‍റെ പ്രതികരണം. പ്രമുഖ നിര്‍മ്മാതാക്കളായ സൂപ്പര്‍ഗുഡ് ഫിലിംസ് ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം യുട്യൂബിലൂടെ സൗജന്യ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്.

സൂപ്പര്‍ഗുഡ് ഫിലിംസ് ഉടമ ആര്‍ ബി ചൗധരിയുടെ മകനും തമിഴ് താരവുമായ ജീവയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 14 ന് സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് കുമ്മാട്ടിക്കളി പ്രദര്‍ശനം ആരംഭിക്കുക. തങ്ങള്‍ നിര്‍മ്മിച്ച സിനിമകളുടെ കാര്യത്തില്‍ ഇത് ആദ്യത്തെ നീക്കമാണെന്നും ഇതുവരെ കാണാത്ത തരത്തിലുള്ള ഗംഭീര ചിത്രമാണിതെന്നും ജീവ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 10 മാസങ്ങള്‍ക്കിപ്പുറമാണ് ചിത്രം യുട്യൂബിലേക്ക് എത്തുന്നത്.

ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ കെ വിൻസെന്റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുക്കിയ കുമ്മാട്ടിക്കളിയിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം വെങ്കിടേഷ് വി, പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, അശോകൻ അമൃത, സംഗീതം ജാക്സൺ വിജയൻ, ബിജിഎം ജോഹാൻ ഷെവനേഷ്, ഗാനരചന ഋഷി, സംഭാഷണം ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്, എഡിറ്റർ ഡോൺ മാക്സ്, സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ റിയാദ് വി ഇസ്മായിൽ, കോസ്റ്റ്യൂംസ് അരുൺ മനോഹർ, സ്റ്റിൽസ് ബാവിഷ്, ഡിസൈൻസ് അനന്തു എസ് വർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രജീഷ് പ്രഭാസൻ.

Kummatikali | Official Trailer | Madhav Suresh | RK Vincent Selva | Super Good Films