ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം
മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന്‍ (Kunchacko Boban) നായകനായ ന്നാ താന്‍ കേസ് കൊട് (Nna Thaan Case Kodu). ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളുടെ സംവിധായകനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ വാരം ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തെത്തിയതോടെയാണ് ചിത്രം വന്‍ ശ്രദ്ധയിലേക്ക് ഉയര്‍ന്നത്. ദേവദൂതര്‍ പാടി എന്ന എവര്‍ഗ്രീന്‍ ഗാനത്തിന്‍റെ പുനരാവിഷ്കാരത്തില്‍ ചാക്കോച്ചന്‍റെ നൃത്തപ്രകടനമാണ് ഗാനത്തെ വൈറല്‍ ആക്കിയത്. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ച് കൌതുകകരമായ ചില വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ചാക്കോച്ചന്‍.
വേറിട്ട മേക്കോവറോടെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. കൊഴുമ്മല്‍ രാജീവന്‍ അഥവാ അംബാസ് രാജീവന്‍ എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. പ്രോസ്തെറ്റിക് മേക്കപ്പ് ഇല്ലാതെ ഈ കഥാപാത്രത്തിന്‍റെ ഒരു ശരീര ഭാഗവും പുറത്തുകാണില്ലെന്ന് ചാക്കോച്ചന്‍ പറയുന്നു. മുന്‍ നിരയില്‍ ഒരു പല്ല് തള്ളി നിര്‍ത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത രൂപം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ പുറത്തുവന്ന ട്രെയ്‍ലറിനും പാട്ടിനും വലിയ സ്വീകാര്യത ലഭിച്ചു, മനോരമ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഒട്ടേറെ പുതുമുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ അഭിനേതാക്കള്‍ക്കായി ശില്‍പശാല നടത്തിയിരുന്നു.
ALSO READ : ബോക്സ് ഓഫീസില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവ്; പാപ്പന്‍ ആദ്യദിനം നേടിയത്
സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണനും സന്തോഷ് ടി കുരുവിളയും ഒന്നിക്കുന്ന ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ബോളിവുഡ് ചിത്രം ഷെര്‍ണിയുടെ ഛായാഗ്രഹണം മലയാളിയായ ഇദ്ദേഹമായിരുന്നു. സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലും കനകം കാമിനി കലഹത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നു.

