കുഞ്ചാക്കോ ബോബൻ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. 

മഹേഷ് നാരായണന്റെ (Mahesh Narayanan) സംവിധാനത്തിലുള്ള അറിയിപ്പ് (Ariyippu) ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കുഞ്ചാക്കോ ബോബൻ (Kunchacko Boban) ആണ് ചിത്രത്തില്‍ നായകനാകുന്നത്. 'അറിയിപ്പ്' എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യാറുണ്ട്. കുഞ്ചാക്കോ ബോബൻ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍.

'നോയിഡയില്‍ നിന്ന് വൈറ്റില'യിലേക്ക് എന്നാണ് കുഞ്ചാക്കോ ബോബൻ എഴുതിയിരിക്കുന്നത്. 'വൈറ്റില വൈറ്റില' എന്ന് വിളിച്ചു പറയുന്നതും കുഞ്ചാക്കോ ബോബൻ ഇലക്ട്രിക് ഓട്ടോറിക്ഷ ഓടിക്കുന്നതിന്റെ വീഡിയോയില്‍ കേള്‍ക്കാം. നോയിഡയിലാണ് അറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. എന്തായാലും മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്.

View post on Instagram

മഹേഷ് നാരായണന്റെ ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബെക്കറാണ്. ഫഹദ് നായകനായി അഭിനയിച്ച ചിത്രമായ 'മാലിക്' ആണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'സി യു സൂണെ'ന്ന ചിത്രവും അതിനുമുമ്പ് മഹേഷ് നാരായണൻ സംവിധാനം ചെയ്‍തിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്.

 'എന്താടാ സജീ' എന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി എത്തുന്നുണ്ട്. ചിരിക്ക് പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും ഇത്. 'എന്താടാ സജീ' എന്ന ചിത്രത്തില്‍ ജയസൂര്യ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. അറിയിപ്പ് എന്ന തന്റെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാകും കുഞ്ചാക്കോ ബോബൻ 'എന്താടാ സജീ'യില്‍ അഭിനയിക്കുക.