മലയാളികളുടെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബന് മകൻ പിറന്നപ്പോള്‍ ആരാധകരും അത് ആഘോഷമാക്കിയിരുന്നു. ഏറെക്കാലത്തിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബൻ- പ്രിയ ദമ്പതിമാര്‍ക്ക് മകൻ പിറന്നത്. കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്യുന്ന മകന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്റെ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ ക്യാപ്ഷൻ ആണ് ഏറെ ശ്രദ്ധേയം.

താടി വളര്‍ത്തിയിട്ടുള്ള ഫോട്ടോയാണ് കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം എന്ന് വിചാരിച്ചു എന്നാണ് കുഞ്ചാക്കോ ബോബൻ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. എന്തായാലും ഇസഹാക്കിന്റെ അച്ചന്റെ ക്യാപ്ഷൻ എല്ലാവര്‍ക്കും രസിച്ചിരിക്കുകയാണ്. മുമ്പും കുഞ്ചാക്കോ ബോബന്റെ ക്യാപ്ഷനും ഫോട്ടോകളും ശ്രദ്ധ നേടിയിട്ടുണ്ട്. രമേഷ് പിഷാരടി കെഎസ്ആര്‍ടിസിയുടെ മോഡല്‍ മകന് സമ്മാനമായി കൊടുത്തപ്പോള്‍ എടുത്ത ഫോട്ടോയൊക്കെ കുഞ്ചാക്കോ ബോബൻ ഷെയര്‍ ചെയ്‍തിരുന്നു.