നയൻതാരയാണ് എടുത്തിരിക്കുന്നത് എന്നതിനാല്‍ ഇസക്കുട്ടൻ ഗമയിലാണ്.

കുഞ്ചാക്കോ ബോബനോളം തന്നെ ആരാധകരുണ്ട് ഇപ്പോള്‍ ഇസഹാഖ് എന്ന ഇസക്കുട്ടനും. ഏറെ കാലത്തെ കാത്തിരിപ്പ് കഴിഞ്ഞ് കുഞ്ചാക്കോ ബോബനും പ്രിയയ്‍ക്കും മകൻ ജനിച്ച വാര്‍ത്ത ആരാധകരും ഏറ്റെടുത്തിരുന്നു. ഇസഹാഖിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നയൻതാരയ്‍ക്കൊപ്പമുള്ള ഇസക്കുട്ടന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴല്‍ എന്ന സിനിമയിലാണ് ഇപ്പോള്‍ നയൻതാര പ്രധാന കഥാപാത്രമായി എത്തുന്നത്.

Add Asianetnews as a Preferred SourcegooglePreferred

നയൻതാരയാണ് എടുത്തിരിക്കുന്നത് എന്നതിനാല്‍ ഇസക്കുട്ടൻ ഗമയിലാണ് എന്നാണ് ആരാധകര്‍ പറയുന്നത്. കുറച്ച് ഗൗരവത്തിലാണ് ഇസക്കുട്ടൻ ഉള്ളത്. എന്തായാലും ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്നത്. സിനിമയിലെ നായകനായ കുഞ്ചാക്കോ ബോബന്റെയും നായികയായ നയൻതാരയുടെയും കഥാപാത്രം എത് തരത്തിലുള്ളതായിരിക്കും എന്ന് എന്തായാലും വ്യക്തമാക്കിയിട്ടില്ല. 25 ദിവസമാണ് നയൻതാര നിഴലിനായി ഡേറ്റ് നല്‍കിയിരിക്കുന്നത്.

എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സംവിധായകനായ അപ്പു എൻ ഭട്ടതിരിക്കൊപ്പം അരുണ്‍ലാല്‍ എസ് പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. സ്റ്റെഫി സേവ്യര്‍ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിര്‍വഹിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.