കൊവി‍ഡ് 19 എന്ന മാഹാമാരിയ്ക്കെതിരെ പടപൊരുതുന്ന റിയൽ ഹീറോകളായ ഡോക്ടർമാർക്ക് ആശംസകളുമായി നടൻ കുഞ്ചാക്കോ ബോബൻ. തിരശ്ശീലയിൽ താന്‍ വേഷമിട്ട ഡോക്ടര്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് താരം ആശംസയറിയിച്ചത്. ഒരു പക്ഷേ യഥാര്‍ഥത്തില്‍ ഡോക്ടറാകാന്‍ താന്‍ ആഗ്രഹിച്ചിരിക്കാം എന്ന് കുഞ്ചാക്കോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിക്കുന്നു.

”സ്‌ക്രീനിലെ എന്റെ ഡോക്ടര്‍ കഥാപാത്രങ്ങള്‍… ഒരു പക്ഷെ ഞാന്‍ സെക്കന്‍ഡ് ഗ്രൂപ്പ് പഠിച്ചതു കൊണ്ടാകാം..ഒരു യഥാര്‍ഥ ഡോക്ടറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരിക്കാം! ഡോക്ടര്‍മാരുടെ ദിനത്തില്‍, യഥാര്‍ഥ ജീവിത നായകന്മാരുടെ പ്രതിബദ്ധത, അര്‍പ്പണബോധം, മാനവികത എന്നിവയ്ക്ക് എന്റെ സല്യൂട്ട്. കാരണം അവർ ഭൂമിയിലെ ദൈവത്തിന്റെ കൈകളാണ്” കുഞ്ചാക്കോ കുറിച്ചു.

ഡോ. ബി. സി റോയ് എന്ന പ്രതിഭയായ ഡോക്ടറോടുള്ള ബഹുമാനാര്‍ഥമായാണ് ജൂലൈ ഒന്ന് ‘ഡോക്ടേഴ്‌സ് ഡേ’ ആയി ആചരിക്കുന്നത്. ഇന്ന് കൊവിഡിനെതിരെ പോരാടുകയാണ് ഡോക്ടർമാർ അടക്കമുള്ള ആ​രോ​ഗ്യപ്രവർത്തകർ.