ഏഷ്യാനെറ്റില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്‍ത ചിത്രം ടെലിവിഷൻ റേറ്റിംഗില്‍ ഒന്നാമത്.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം 'ന്നാ താൻ കേസ് കൊട്' നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു. കുഞ്ചാക്കോ ബോബന്റ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായും ന്നാ താൻ കേസ് കൊട്' മാറിയിരുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലും വിജയകരമായി ചിത്രം സ്‍ട്രീം തുടരുകയാണ്. ഏഷ്യാനെറ്റില്‍ വേള്‍ഡ് പ്രീമിയര്‍ ചെയ്‍ത ചിത്രം ടെലിവിഷൻ റേറ്റിംഗിലും ഒന്നാം സ്ഥാനത്ത് എത്തിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ക്രിസ്‍മസ് വൈകുന്നേരം സംപ്രേഷണം ചെയ്‍ത ചിത്രം 8.51 എന്ന മികച്ച ടെലിവിഷൻ റേറ്റിംഗ് കരസ്ഥമാക്കി ആ ആഴ്‍ചയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബൻ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. രതീഷ് ബാലകൃഷ്‍ണന്‍ സംവിധാനം ചെയ്‍ത 'ന്നാ താൻ കേസ് കൊട്' ആദ്യം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താൻ കാരണം ഒരു ഗാനരംഗമായിരുന്നു. 'ദേവദൂതര്‍ പാടി' എന്ന ഗാനത്തിന് കുഞ്ചാക്കോ ബോബൻ ചുവടുകള്‍ വെച്ചത് കേരളം ഏറ്റെടുത്തു. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ‘ന്നാ താന്‍ കേസ് കൊടി'ന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് 'ദേവദൂതര്‍ പാടി' എന്ന ഗാനം 'ന്നാ താൻ കേസ് കൊടി'നായി ആലപിച്ചിരിക്കുന്നത്. ജാക്സണ്‍ അര്‍ജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്‍തിരിക്കുന്നത്.
'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍. സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനു' ശേഷം രതീഷ് ബാലകൃഷ്‍ണനും സന്തോഷ് ടി കുരുവിളയും ഒന്നിച്ച ചിത്രവുമാണിത്. രാകേഷ് ഹരിദാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ബോളിവുഡ് ഹിറ്റ് ചിത്രം 'ഷെര്‍ണി'യുടെ ഛായാഗ്രഹണം മലയാളിയായ രാകേഷ് ഹരിദാസ് ആയിരുന്നു.
ജ്യോതിഷ് ശങ്കര്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. 'സൂപ്പര്‍ ഡീലക്സ്' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തി. ഗായത്രിയുടെ ആദ്യ മലയാള ചിത്രമാണിത്. 'ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനി'ലും 'കനകം കാമിനി കലഹ'ത്തിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. പി പി കുഞ്ഞികൃഷ്‍ണൻ, ഗംഗാധരൻ, ഷുക്കൂര്‍, സുധീര്‍ സി കെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 'കൊഴുമ്മൽ രാജീവൻ' അഥവാ 'അംബാസ് രാജീവൻ' എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓഗസ്റ്റ് 11ന് ആണ് ചാക്കോച്ചന്റെ ചിത്രം റിലീസ് ചെയ്‍തത്.
Read More: രജനികാന്തിനൊപ്പം മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്, 'ജയിലറി'നായി കാത്ത് ആരാധകര്‍
