ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പി'ന്‍റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദുല്‍ഖറാണ് ആരാധകര്‍ക്കുള്ള പെരുന്നാള്‍ സര്‍പ്രൈസ് ആയി പോസ്റ്റര്‍ പുറത്തുവിട്ടത്. കോട്ടും കൂളിംഗ് ഗ്ലാസ്സുമായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് പോസ്റ്ററില്‍ 'കുറുപ്പാ'യി ദുല്‍ഖര്‍. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം പെരുന്നാള്‍ റിലീസ് ആയി തീയേറ്ററുകളില്‍ എത്തേണ്ടതായിരുന്നു. പക്ഷേ കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ നിലവില്‍ മാറ്റിവച്ചിരിക്കുകയാണ് റിലീസ്.

ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോയ്ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖറും വീണ്ടും ഒന്നിക്കുകയാണ് കുറുപ്പിലൂടെ. 35 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ദുല്‍ഖറിന്‍റെ കരിയറിലെ ഉയര്‍ന്ന ബജറ്റ് ആണിത്. ദുല്‍ഖറിന്‍റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക്  തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. എഡിറ്റിംഗ് വിവേക് ഹർഷന്‍. 

മൂത്തോനിലൂടെ മലയാളത്തിലേക്ക് എത്തിയ ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ വിഘ്‌നേഷ് കിഷൻ രജീഷ്. പിആർഒ ആതിര ദിൽജിത്.