യുവ സംവിധായകന്റെ ചിത്രത്തില്‍ നായകനാകാൻ അജിത്ത്.


തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരമാണ് അജിത്ത്. അതുകൊണ്ടുതന്നെ അജിത്ത് സിനിമകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്നാണ് ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന വാര്‍ത്ത. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്.

മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. '8 തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. ഇരുവരും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് അതോടെ പ്രചാരം ലഭിച്ചിരിക്കുകയാണ്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ അജിത്ത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത 'വലിമൈ' എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും. 200 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് അജിത്തിന്റെ 'വലിമൈ' പ്രദര്‍ശനത്തിന് എത്തിയിരുന്നത്.

അജിത്ത് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് യുവൻ ശങ്കര്‍ രാജയാണ്. ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തിയെന്ന പ്രത്യേകതയുള്ള 'വലിമൈ'യുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. മലയാളി താരം ദിനേശും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തില്‍ മലയാളി താരം മഞ്‍ജു വാര്യരും അഭിനയിക്കുന്നുണ്ട്. എച്ച് വിനോദിന്റെ ചിത്രത്തിന് ശേഷം വിഘ്നേശ് ശിവന്‍ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Read More : 'സീതാ രാമ'ത്തിന്റെ വിലക്ക് നീങ്ങി, യുഎഇയില്‍ റിലീസ് തീരുമാനിച്ചു