മുംബൈ: ടെലിവിഷന്‍ അഭിനേതാവ് കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്ത നിലയില്‍. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ മുംബൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈ പാലിഹില്ലിലെ താമസസ്ഥലത്ത് ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട കുശാലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേ സമയം  കുശാല്‍ പഞ്ചാബിയുടെ ഒന്നരപേജ് നീളമുള്ള ആത്മഹത്യകുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തന്‍റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലെന്നാണ്  കുശാല്‍ കത്തില്‍ പറയുന്നത്. തന്‍റെ സ്വത്ത് 50 ശതമാനമായി വിഭജിച്ച്, ഒരു ഭാഗം മാതാപിതാക്കള്‍ക്കും, സഹോദരിക്കും. ഒരു ഭാഗം 3 വയസായ മകള്‍ക്ക് നല്‍കാനും കത്തില്‍ പറയുന്നു.

ആത്മഹത്യ മരണം എന്ന് റിപ്പോര്‍ട്ട് ചെയ്ത് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 37 വയസുകാരനായ കുശാല്‍ വിവാഹമോചിതനാണ്. ഹിന്ദിയിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകളിലെ ജനപ്രിയ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട് കുശാല്‍. അവസാനമായ കളേര്‍സ് ടെലിവിഷന്‍ പ്രക്ഷേപണം ചെയ്ത ഇഷ്ക് മേം മര്‍ജാവ എന്ന സീരിയലിലാണ് കൗശല്‍ പ്രത്യക്ഷപ്പെട്ടത്. 2000ത്തില്‍ നടന്ന ഗ്ലാഡ്രാഗ്സ് മാന്‍ഹണ്ട് കോണ്‍ടക്സ്റ്റിലൂടെയാണ്  കുശാല്‍ ടെലിവിഷന്‍ രംഗത്ത് എത്തിയത്.

സിഐഡി, കബി ഹാന്‍ കബി നാ, കസം സേ, റിഷ്ദ ഡോട്ട് കോം തുടങ്ങിയ പ്രമുഖ സീരിയലുകളിലും, ലക്ഷ്യ, കാല്‍, സലാമേ ഇഷ്ക്, ഗോള്‍ തുടങ്ങിയ സിനിമകളിലും  കുശാല്‍ അഭിനയിച്ചിട്ടുണ്ട്.