ബിഗ് ബോസ് താരം കുട്ടി അഖിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു.
കോമഡി ഷോകളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് കുട്ടി അഖിൽ. നിരവധി യൂട്യൂബ് കോമഡി സീരീസുകളിലടക്കം വേഷമിട്ട അഖിലിന്റെ കരിയർ ബ്രേക്കായിരുന്നു ബിഗ് ബോസ് സീസൺ നാലിലേക്കുള്ള ചുവടുവയ്പ്പ്. മികച്ച മത്സരം കാഴ്ചവച്ച കുട്ടി അഖിൽ അവസാന ലാപ് വരെ പിടിച്ചുനിന്നു. ബിഗ് ബോസ് വീട്ടിൽ സുചിത്ര, സൂരജ് എന്നിവരോടൊപ്പമായിരുന്നു അഖിലിന്റെ കൂട്ട്. സുചിത്രയും അഖിലും തമ്മിലുള്ള സൗഹൃദത്തെ സുഖിൽ എന്നായിരുന്നു സോഷ്യൽ മീഡിയയിലെ വിളിപ്പേര്. ഇത് വലിയ ചർച്ചയാവുകയും ചെയ്തു.
ബിഗ് ബോസ് ഫിനാലെ വരെ അഖിൽ എത്തുമെന്ന് ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു പുറത്താകൽ. എന്നാൽ വലിയ ആരാധകരെ സ്വന്തമാക്കിയാണ് അഖിൽ ബിഗ് ബോസ് വീടിന്റെ പടി കടന്നത്. ഇപ്പോഴിതാ കുട്ടി അഖിൽ പങ്കുവച്ച രസകരമായ ഫോട്ടോഷൂട്ടാണ് ഗോസിപ്പ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. ആതിര സുധീറിനൊപ്പമുള്ള ഒരു ഫോട്ടോഷൂട്ടാണ് അഖിൽ കഴിഞ്ഞ ദിവസം പങ്കുവച്ചത്. ചുവപ്പ് നിറത്തിലെ ഷർട്ടും കസവു മുണ്ടുമാണ് അഖിലിന്റെ വേഷം. ഓണത്തിനോടനുബന്ധിച്ച് ചിങ്ങം ഒന്നിനെടുത്ത ചിത്രങ്ങളാണിവ. എന്നാൽ ഒരു ടിപ്പിക്കൽവിവാഹ നിശ്ചയ ഹാങ് ഓവർ ഉള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. വിവാഹം ഉറിപ്പിച്ചോ എന്ന് ചിലർ സോഷ്യൽ മീഡിയയിൽ കമന്റുകളും കുറിച്ചു. എന്നാൽ ലൂസ് തിങ്കർ ഫോട്ടോഗ്രഫിക്കുവേണ്ടിയുള്ള ഷൂട്ടാണ് ഇതെന്ന് പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്.
ബിഗ് ബോസിന് പിന്നാലെ ഉദ്ഘാടനങ്ങളും ഷോകളും ആയി വലിയ തിരക്കിലാണ് കുട്ടി അഖിൽ. ഇതിനിടെ 'കാക്കിപ്പട' എന്ന ചിത്രത്തിലും അഖിൽ വേഷമിടുന്നുണ്ട്. കുട്ടി അഖില്‍ എന്ന അഖില്‍ ബി എസ് നായര്‍ 'പ്രീമിയര്‍ പദ്‍മിനി' വെബ്‍ സീരിസിലൂടെയാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്. കോമഡി എക്സ്‍പ്രസ് ഷോയിലൂടെയായിരുന്നു അഖില്‍ മിനി സ്‍ക്രീനിലെത്തുന്നത്. ഏഷ്യാനെറ്റ് സപ്രേഷണം ചെയ്‍ത കോമഡി സ്റ്റാഴ്‍സ് സീസണ്‍ ടു അഖിലിനെ താരമാക്കി. നെയ്യാറ്റിൻകര പോളിടെക്നിക് കോളേജില്‍ നിന്ന് തുടങ്ങിയ അഖിലിന്റെ കലാപ്രവര്‍ത്തനം ബിഗ് ബോസും കടന്ന് സിനിമ വരെ എത്തിനില്‍ക്കുന്നു.
കോളേജ് പഠന കാലത്തെ സൗഹൃദങ്ങളാണ് തന്നെ കലാരംഗത്ത് എത്തിച്ചതെന്നാണ് കുട്ടി അഖില്‍ തന്നെ പറയുന്നത്. സ്‍മൈല്‍ പ്ലീസ് ചെയ്‍തിരുന്ന അഖില്‍ ഭദ്രൻ എന്ന സുഹൃത്താണ് കുട്ടി അഖിലിനെ സ്‍കിറ്റില്‍ ഒപ്പം കൂട്ടുന്നത്. ടെലിവിഷൻ സ്‍ക്രീനുകളിലേക്കും സിനിമയിലേക്കും എത്താൻ തന്നെ സഹായിക്കുന്നതും സ്‍കിറ്റ് ചെയ്‍തുള്ള പരിചയമാണെന്ന് അഖില്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
Read More : ഇത് നിമിഷ തന്നെയോ?, ഓണം ഫോട്ടോഷൂട്ട് കണ്ട് ആരാധകർക്ക് കൗതുകം
