ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാബന്ധന്‍ എന്നിവയാണ് നാളെ എത്തുക

കൊവിഡിനു ശേഷം ഇന്ത്യയിലെ ഇതരഭാഷാ ചലച്ചിത്ര വ്യവസായങ്ങളൊക്കെ പ്രയാസപ്പെട്ടാണെങ്കിലും കര കയറുമ്പോള്‍ അതിന് സാധിക്കാത്ത അവസ്ഥയിലാണ് ബോളിവുഡ്. കൊവിഡിനു മുന്‍പ് വലുപ്പത്തിലും സാമ്പത്തിക വിജയങ്ങളിലും ഇന്ത്യയിലെ ഒന്നാം നമ്പര്‍ ചലച്ചിത്ര വ്യവസായമായിരുന്നു ബോളിവുഡ് എങ്കില്‍ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. വന്‍ വിജയങ്ങളുമായി മുന്‍പ് ബോളിവുഡിന് ഉണ്ടായിരുന്ന സ്ഥാനം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത് തെലുങ്ക് സിനിമയാണ്. ബോളിവുഡില്‍ ഏറ്റവുമധികം വിജയങ്ങള്‍ സ്വന്തം പേരിലുള്ള അക്ഷയ് കുമാറിനു പോലും സമീപകാലത്ത് അതിന്‍റെ തിളക്കം ആവര്‍ത്തിക്കാന്‍ ആയിട്ടില്ല. പരാജയത്തുടര്‍ച്ച മറികടക്കുമെന്ന് ബോളിവുഡ് വലിയ പ്രതീക്ഷ പുലര്‍ത്തുന്ന വാരാന്ത്യമാണ് വരുന്നത്. രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തുകയെന്ന അപൂര്‍വ്വതയ്ക്ക് ബോളിവുഡ് സാക്ഷ്യം വഹിക്കുകയാണ് നാളെ.

ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാബന്ധന്‍ എന്നിവയാണ് ഒരേദിവസം (ഓഗസ്റ്റ് 11) തിയറ്ററുകളില്‍ എത്തുക. പ്രീ റിലീസ് ഹൈപ്പില്‍ മുന്നിലുള്ളത് ആമിര്‍ ഖാന്‍ ചിത്രമാണ്. ഏകദേശം നാല് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ആമിര്‍ ചിത്രം തിയറ്ററുകളിലെത്തുന്നത് എന്നത് അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് ആവേശം പകരുന്ന കാര്യമാണ്. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആയ ലാല്‍ സിംഗ് ഛദ്ദയില്‍ കരീന കപൂര്‍ ആണ് നായിക. 

ALSO READ : 'കഴിഞ്ഞ 48 മണിക്കൂര്‍ ആയി ഞാന്‍ ഉറങ്ങിയിട്ടില്ല'; ലാല്‍ സിംഗ് ഛദ്ദ റിലീസിന്‍റെ സമ്മര്‍ദ്ദത്തെക്കുറിച്ച് ആമിര്‍

അതേസമയം ആക്ഷന്‍ ചിത്രങ്ങളുടെ തുടര്‍ച്ചയ്ക്കു ശേഷം അക്ഷയ് കുമാര്‍ കുടുംബ നായക പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് രക്ഷാബന്ധന്‍. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ആനന്ദ് എല്‍ റായ് ആണ് സംവിധാനം. ചിത്രത്തിന്‍റെ പ്രമേയം തന്നെ ഏറെ ആകര്‍ഷിച്ചെന്നും സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ സിനിമയാണ് ഇതെന്നും പ്രഖ്യാപന സമയത്ത് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു. നാല് സഹോദരിമാരുടെ സഹോദരനാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്‍റെ കഥാപാത്രം. അവരുടെ വിവാഹത്തിനു ശേഷം മാത്രം മതി ബാല്യകാലസഖിയുമായുള്ള തന്‍റെ വിവാഹം എന്ന് തീരുമാനിച്ചയാളുമാണ് ഈ നായകന്‍.

Scroll to load tweet…

എന്നാല്‍ അഡ്വാന്‍സ് ബുക്കിംഗില്‍ ഇരു ചിത്രങ്ങളും പ്രതീക്ഷിച്ച ഓളം സൃഷ്ടിച്ചിട്ടില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ബോളിവുഡ് ഹംഗാമ രാവിലെ 10.45ന് അവതരിപ്പിച്ച കണക്ക് പ്രകാരം രക്ഷാബന്ധന്‍റെ 35,000 ടിക്കറ്റുകളാണ് റിലീസ് ദിനത്തിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യപ്പെട്ടത്. ഇവര്‍ തന്നെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ലാല്‍ സിംഗ് ഛദ്ദയുടെ 57,000 ടിക്കറ്റുകളും വിറ്റുപോയി. ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ലഭിക്കുന്ന മൌത്ത് പബ്ലിസിറ്റിയാവും ഇരു ചിത്രങ്ങള്‍ക്കും നിര്‍ണായകമാവുക. ഏത് ചിത്രം വിജയിച്ചാലും അത് ബോളിവുഡിന്‍റെ തന്നെ മടങ്ങിവരവായാവും വിലയിരുത്തപ്പെടുക.