'തന്റെ കലയില്‍ ഒട്ടും വിട്ടുവീഴ്ച കാട്ടാത്ത ആളായിരുന്നു ബാലു. ടീമംഗങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തത്തിലാവുന്നത്?', ലക്ഷ്മി ചോദിക്കുന്നു.
ബാലഭാസ്‌കറിന്റെ അപകടത്തില്‍ നിന്നും നേട്ടമുണ്ടാവുന്ന തരത്തിലുള്ള നിലപാടാണ് താന്‍ സ്വീകരിക്കുന്നതെന്ന മട്ടിലുള്ള ആരോപണങ്ങള്‍ തളര്‍ത്തുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി. "അപകടത്തില്‍ നിന്നുള്ള പരുക്കുകള്‍ ഇനിയും ഭേദമാവാത്തതിനാല്‍ കുളിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ഇപ്പോഴും പരസഹായം വേണം. അമ്മയാണ് ഒപ്പമുള്ളത്. ഈ കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്യാനാവുക എന്നതാണ് ഇപ്പോഴത്തെ ഒരേയൊരു ആഗ്രഹം", ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി ബാലഭാസ്‌കര്‍ പ്രതികരിച്ചു.
മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ബാലഭാസ്‌കറെന്നും ബാലുവില്‍ തനിക്ക് നെഗറ്റീവ് ആയി തോന്നിയ ഒരേയൊരു സ്വഭാവവിശേഷം അതായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. "തന്റെ കലയില്‍ ഒട്ടും വിട്ടുവീഴ്ച കാട്ടാത്ത ആളായിരുന്നു ബാലു. ടീമംഗങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ എങ്ങനെയാണ് ക്രിമിനലുകളുമായി ചങ്ങാത്തത്തിലാവുന്നത്?", ലക്ഷ്മി ചോദിക്കുന്നു.
ബാലഭാസ്‌കര്‍ തുടങ്ങിവച്ച വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ലക്ഷ്മി പറയുന്നു. "മര്യാദയ്ക്ക് നിവര്‍ന്ന് നില്‍ക്കാനോ തല ചലിപ്പിക്കാനോ കഴിയാത്ത ഞാന്‍ എങ്ങനെയാണ് ആല്‍ബങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്? സംഗീതം ആസ്വദിക്കും എന്നതിനപ്പുറം എനിക്ക് അതില്‍ കഴിവുകളൊന്നുമില്ല." അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നുവെന്നും ലക്ഷ്മി. "അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു. ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ സംഭവിക്കില്ലായിരുന്നു," ലക്ഷ്മി പറഞ്ഞവസാനിപ്പിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്കെതിരെ ലക്ഷ്മി നേരത്തേ രംഗത്തെത്തിയിരുന്നു. പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമാണ് ഇവര്‍ നടത്തിയിരുന്നതെന്നും ലക്ഷ്മി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ചെയ്ത ജോലിക്കുള്ള പ്രതിഫലവും ഇവര്‍ക്ക് നല്‍കിയിരുന്നുവെന്നും ഇതല്ലാതെ മറ്റ് ഔദ്യോഗികമായ ഒരു കാര്യങ്ങളിലും ഇവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.
