തമിഴകത്ത് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത മലയാളി നടിയാണ് ലക്ഷ്‍മി മേനോൻ. ഇപ്പോള്‍ ലക്ഷ്‍മി മേനോൻ സിനിമയില്‍ അത്ര സജീവമല്ല. ലക്ഷ്‍മി മേനോൻ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കമല്‍ഹാസൻ അവതാരകനാകുന്ന ബിഗ്‍ ബോസില്‍ ലക്ഷ്‍മി മേനോൻ പങ്കെടുക്കുമെന്നായിരുന്നു വാര്‍ത്ത. ബിഗ് ബോസില്‍ പങ്കെടുക്കുന്നുവെന്ന വാര്‍ത്ത ഒരുപാട് പേര്‍ ഷെയര്‍ ചെയ്‍തിരുന്നു. എന്നാല്‍ താൻ ബിഗ് ബോസില്‍ പങ്കെടുക്കുന്നില്ലെന്നും വാര്‍ത്ത ശരിയല്ലെന്നും വ്യക്തമാക്കി നടി ലക്ഷ്‍മി മേനോൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‍റൂമും കഴുകാൻ തനിക്ക് താല്‍പര്യമില്ല. ക്യാമറക്കു മുന്നില്‍ തല്ലുകൂടാൻ താൻ തയ്യാറല്ല. തനിക്ക് അത് ഇഷ്‍ടമല്ല എന്നാണ് ലക്ഷ്‍മി മേനോൻ പറഞ്ഞത്. ഇത്തരത്തിലുള്ള മോശം ഷോകളില്‍ താൻ പങ്കെടുക്കുമെന്ന് ആരും കരുതേണ്ടെന്നും ലക്ഷ്‍മി മേനോൻ പറഞ്ഞു.  പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്ന് ചിലര്‍ ലക്ഷ്‍മി മേനോനെ വിമര്‍ശിക്കുകയും ചെയ്‍തു. ബിഗ് ബോസ് ഷോ ചിലർക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാൽ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാൻ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാൻ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നിൽ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയിൽ ഞാൻ പങ്കെടുക്കുമെന്ന് നിങ്ങൾ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവർക്കും അവരുടേതായ അഭിപ്രായമുണ്ട്. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ല എന്നാണ് ലക്ഷ്‍മി മേനോൻ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്.