ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'നാല്‍പ്പത്തിയൊന്ന്'. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത് സിനിമ കൂടിയാണ് 'നാല്‍പ്പത്തിയൊന്ന്'. ബിജു മേനോൻ ആണ് ചിത്രത്തിലെ നായകൻ. സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ലാല്‍ ജോസ്. വികാരനിര്‍ഭരമായ ഒരു കുറിപ്പോടെ.

മഹേഷ് എന്ന ചിത്രകാരനാണ് 'നാല്‍പ്പത്തിയൊന്നിന്റെ' പോസ്റ്റര്‍ വരച്ചത്. മരണത്തിനു ഒരാഴ്‍ച മുമ്പേ മഹേഷ് വരച്ച പോസ്റ്ററായിരുന്നു ഇതെന്ന് ലാല്‍ ജോസ് പറയുന്നു. പോസ്റ്ററില്‍ ലാല്‍ ജോസിന്റെ ഛായാചിത്രവുമുണ്ട്. കർമ്മബന്ധങ്ങളുടെ ഉൾക്കനമുളള ഏത് നൂലാണ് നിന്നേയും തന്നേയും ഇങ്ങനെ വരിഞ്ഞിട്ടത് എന്നാണ് ലാല്‍ ജോസ് കുറിപ്പില്‍ ചോദിക്കുന്നത്.

ലാല്‍ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ മഹേഷ്,

ഞാൻ നിന്നെ കണ്ടിട്ടില്ല. എന്നാൽ അകാലത്തിൽ തേടിയെത്തിയ മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായാചിത്രമായിരുന്നുവെന്ന് ഓൾഡ് മോങ്കിലെ സിബി കഴിഞ്ഞ ദിവസം പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഉളളു വിറച്ചു. കർമ്മബന്ധങ്ങളുടെ ഉൾക്കനമുളള ഏത് നൂലാണ് നിന്നേയും എന്നേയും ഇങ്ങനെ വരിഞ്ഞിട്ടത്.

നാൽപ്പത്തിയൊന്ന് എന്ന എന്റെ പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ഈ ചിത്രം വരച്ചത്. ഇരുപത്തിയഞ്ചാം സിനിമ എന്ന മട്ടിൽ ഒരു പോസ്റ്റർ, അതായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതിൽ എന്റെ ചിത്രം പ്രതീക്ഷിച്ചിരുന്നില്ല. മരണം സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പ് മഹേഷ് എന്ന അനുഗ്രഹീത കലാകാരൻ വരച്ചിട്ട ഈ പോസ്റ്റർ ഷെയർ ചെയ്യാതിരിക്കാനാവുന്നില്ല. മഹേഷിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.