Asianet News MalayalamAsianet News Malayalam

'ഒടിയന്‍ കഴിഞ്ഞിട്ട് മതി എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ആ ചിത്രം നന്നായേനെ'; കുറ്റബോധത്തെക്കുറിച്ച് ലാല്‍ജോസ്

"നിങ്ങളിപ്പോള്‍ റെഡ് ആണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്.."

laljose about mishap about velipadinte pusthakam
Author
Thiruvananthapuram, First Published Nov 29, 2020, 2:34 PM IST

ലാല്‍ജോസും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു 2017ല്‍ പുറത്തെത്തിയ 'വെളിപാടിന്‍റെ പുസ്‍തകം'. അക്കാരണം കൊണ്ടുതന്നെ വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ലഭിച്ച ചിത്രത്തിന് തീയേറ്ററുകളില്‍ പക്ഷേ അതിനുതക്ക വിജയം നേടാനായില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്‍റെ മനസിലുള്ള കുറ്റബോധത്തെക്കുറിച്ച് പറയുകയാണ് ലാല്‍ജോസ്. ഒന്‍പത് ദിവസം കൊണ്ടാണ് ചിത്രത്തിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയതെന്നും പിന്നീടൊരു ചര്‍ച്ചയ്ക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ലെന്നും ലാല്‍ജോസ് പറയുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ജോസിന്‍റെ അഭിപ്രായ പ്രകടനം.

laljose about mishap about velipadinte pusthakam

 

"ലാലേട്ടനുവേണ്ടി മൂന്ന് സബ്‍ജക്ടുകള്‍ ആലോചിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ടും അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായി ബെന്നി പി നായരമ്പലം എന്നോടു പറഞ്ഞ ചിന്തയില്‍ നിന്നാണ് 'വെളിപാടിന്‍റെ പുസ്തകം' പിറക്കുന്നത്. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടിവരുന്നു. ആ വേഷം അയാളില്‍നിന്ന് ഇറങ്ങിപ്പോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത. അതൊരു ഇന്‍റര്‍നാഷണല്‍ വിഷയമാണെന്ന് എനിക്കു തോന്നി. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല", ലാല്‍ജോസ് പറയുന്നു.

laljose about mishap about velipadinte pusthakam

 

"വെറും ഒന്‍പത് ദിവസം കൊണ്ടാണ് അതിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. 'ഒടിയന്‍' തുടങ്ങുന്നതിനു മുന്‍പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവര്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും. നിങ്ങളിപ്പോള്‍ റെഡ് ആണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ സമ്മതം മൂളി. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയേ അല്ല അത്. 'അയാളും ഞാനും തമ്മില്‍' ഒന്നര വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. പക്ഷേ വെളിപാടിന്‍റെ പുസ്തകത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒന്‍പത് ദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി, പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവര്‍ക്കത് ഇഷ്ടമായി. ലാലേട്ടന് ഒന്നുരണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനൊക്കെ മറുപടി കൊടുത്തു. അടുത്ത മാസം ഇന്ന ജിവസം ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചര്‍ച്ചയ്ക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ല", 'വെളിപാടിന്‍റെ പുസ്തക'ത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് കുറ്റബോധമുണ്ടെന്നും 'ഒടിയന്‍' കഴിഞ്ഞിട്ടു മതി എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ചിത്രം നന്നായേനെ എന്നും ലാല്‍ജോസ് പറയുന്നു. മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ച ചിത്രമാണ് അതെന്നും. 

Follow Us:
Download App:
  • android
  • ios