Asianet News MalayalamAsianet News Malayalam

'ഒന്നര മണിക്കൂറിലെ സൈക്കഡലിക് അനുഭവം'; ലാല്‍ജോസിന്റെ ജല്ലിക്കട്ട് റിവ്യൂ

"ലിജോ, ഫിലിം മേക്കിംഗിന്റെയാ മാന്ത്രികവടി നിന്റെ കയ്യിലുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യം വന്നതാണ്. ഇത്തവണത്തെ വീശലില്‍ വാര്‍ന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ്." ജല്ലിക്കട്ടിനെക്കുറിച്ച് ലാല്‍ജോസ്.

laljose jallikattu movie review
Author
Thiruvananthapuram, First Published Oct 6, 2019, 3:49 PM IST

റിലീസിന് മുന്‍പേ അടുത്തകാലത്ത് ഏറ്റവുമധികം ഹൈപ്പ് ലഭിച്ച ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. സിനിമ സംബന്ധിച്ച സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ റിലീസിന് ശേഷം കൂടിയിട്ടുണ്ട്. ഫേസ്ബുക്ക് സിനിമാഗ്രൂപ്പുകളില്‍ ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സിനിമയും അതുതന്നെ. ഇപ്പോഴിതാ ജല്ലിക്കട്ട് കണ്ടതിന് ശേഷം തന്റെ അഭിപ്രായം പറയുകയാണ് സംവിധായകന്‍ ലാല്‍ജോസ്. ഒന്നര മണിക്കൂറിലെ സൈക്കഡലിക് തീയേറ്റര്‍ അനുഭവമാണ് ചിത്രമെന്ന് പറയുന്നു അദ്ദേഹം.

ലാല്‍ജോസ് പറയുന്നു

കാര്യസാദ്ധ്യത്തിനും കൊതി തീര്‍ക്കാനും രസത്തിനും ഒക്കെ കൊല ശീലമാക്കിയ ജീവിയാണ് മനുഷ്യന്‍. ഈ ക്രൂരതയെ മറച്ച് വച്ചിരിക്കുന്ന പാടയാണ് നന്മ, കരുണ, സഹാനുഭൂതി തുടങ്ങിയവ. ഈ നേര്‍ത്ത പാടയെ ഒരു പോത്തിന്റെ കൂര്‍ത്ത കൊമ്പുകള്‍ കൊണ്ട് കീറി മനുഷ്യന്റെ അകത്തേക്ക് തുളച്ചു കേറുകയാണ് ജെല്ലിക്കെട്ട് എന്ന സിനിമ അനുഭവം. കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിച്ചിരിക്കുന്നത്. ലിജോ, ഫിലിം മേക്കിംഗിന്റെയാ മാന്ത്രികവടി നിന്റെ കയ്യിലുണ്ടെന്ന് എനിക്ക് നേരത്തെ ബോധ്യം വന്നതാണ്. ഇത്തവണത്തെ വീശലില്‍ വാര്‍ന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണര്‍ സിനിമയാണ്. കണ്‍ഗ്രാറ്റ്‌സ് ബ്രോ.

ഗിരീഷ് ഗംഗാധരന്റെ ക്യാമറ രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗ് ഒക്കെ എടുത്ത് പറയേണ്ടത് തന്നെ. ഒന്നരമണിക്കൂര്‍ നീളുന്ന ഒരു സൈക്കഡലിക് തീയേറ്റര്‍ അനുഭവമാക്കി ഈ സിനിമയെ മാറ്റാനായി എത്രയെത്ര രാപ്പകലുകളുടെ മനുഷ്യാധ്വാനം!

എന്റെ മറ്റൊരു സന്തോഷം ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് കൂട്ടികൊണ്ടുവന്ന സഹോദരതുല്യനായ സുഹൃത്ത് തോമസ് പണിക്കരാണ് ഇതിന്റെ നിര്‍മ്മാതാവ് എന്നതാണ്. പണിക്കരുടെ പെട്ടി നിറയണേയെന്ന എന്റെ പ്രാര്‍ത്ഥനയെ ഞാന്‍ രഹസ്യമാക്കി വക്കുന്നില്ല. ജല്ലിക്കെട്ടിന് മുന്നിലും പിന്നിലും അരികിലും എല്ലാം ചങ്കുറപ്പോടെ നിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

Follow Us:
Download App:
  • android
  • ios